27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • ‘കാണുന്ന ചിത്രങ്ങളെല്ലാം ഒറിജിനലാണോ?’; നിർണായക കണ്ടുപിടുത്തവുമായി മലയാളി ഗവേഷക സംഘം, പേറ്റന്റ് സ്വന്തമാക്കി
Uncategorized

‘കാണുന്ന ചിത്രങ്ങളെല്ലാം ഒറിജിനലാണോ?’; നിർണായക കണ്ടുപിടുത്തവുമായി മലയാളി ഗവേഷക സംഘം, പേറ്റന്റ് സ്വന്തമാക്കി

തിരുവനന്തപുരം: ഡിജിറ്റല്‍ ചിത്രങ്ങളുടെ ആധികാരികത നിര്‍ണ്ണയിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമുള്ള സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തത്തിന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് പേറ്റന്റ് സ്വന്തമാക്കി. മെഡിക്കല്‍ രോഗനിര്‍ണയം, ഫോറന്‍സിക് അന്വേഷണങ്ങള്‍, പൊലീസ് അന്വേഷണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ തെളിവുകളായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ചിത്രങ്ങളുടെ വിശ്വാസ്യത തെളിയിക്കുന്നതിനും ആധികാരികത ഉറപ്പുവരുത്തുന്നതിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ഒരു ഡിജിറ്റല്‍ ചിത്രത്തിലെ മാറ്റം വരുത്തിയ ഭാഗങ്ങള്‍ കണ്ടെത്തുന്നതിനും ഇതിലൂടെ കഴിയുമെന്ന് ഗവേഷകര്‍ അറിയിച്ചു.

”ക്രിപ്റ്റോഗ്രാഫിക് ഹാഷ് ഫംഗ്ഷനും കയോട്ടിക് സീക്വന്‍സും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യക്ക് മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ എന്നിവ ഉപയോഗിച്ച് പകര്‍ത്തിയതോ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്നതോ ആയ ഡിജിറ്റല്‍ ചിത്രങ്ങളുടെ ആധികാരികത നിര്‍ണ്ണയിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും കഴിയും. ഡിജിറ്റല്‍ ചിത്രങ്ങളില്‍ ഉണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ണ്ണമായും കണ്ടെത്താനാകും. അധികാരപ്പെടുത്തിയ വ്യക്തിക്ക് ചിത്രത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനും മാറ്റം വരുത്തിയ ഭാഗങ്ങള്‍ കണ്ടെത്തുന്നതിനും സാധിക്കും. അതുകൊണ്ടുതന്നെ നിര്‍ണ്ണായകമായ മേഖലകളില്‍ ഡിജിറ്റല്‍ ചിത്രങ്ങള്‍ സുരക്ഷിതമായി കൈമാറ്റം ചെയ്യുന്നതിനും അവയുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പു വരുത്തുന്നതിനും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടും.”

സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എസ്പിഎഫ്യു ഡയറക്ടറും സിഇടിയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുന്‍ പ്രൊഫസറുമായ ഡോ. ശ്രീലക്ഷ്മി ആറിന്റെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും സിഇടിയിലെ മുന്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയുമായ ഡോ. നീന രാജ് എന്‍ ആര്‍ നടത്തിയ ഗവേഷണ ഫലമായാണ് കണ്ടെത്തല്‍. സിഇടിയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ആയിരുന്നു ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അഭിമാന നേട്ടം സ്വന്തമാക്കിയ സിഇടിയെയും ഗവേഷണം നടത്തിയ ടീമിനെയും അഭിനന്ദിക്കുന്നതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

Related posts

ബീരാഞ്ചിറയിൽ നിർത്തിയിട്ട ഒരു കാർ, പൊലീസിന് സംശയം; പുറത്തിറങ്ങാൻ പറഞ്ഞ എസ്ഐയുടെ കൈ കടിച്ച് മുറിച്ച് യുവാവ് !

Aswathi Kottiyoor

ഗ്രോ ബാഗിൽ വളര്‍ത്തിയത് 13 കഞ്ചാവ് ചെടികൾ, മുളപ്പിച്ചത് വിത്ത് പാകി; യുവാവ് പൊലീസ് പിടിയിൽ

Aswathi Kottiyoor

കൊലപാതകം കാമുകനുമൊത്ത് ജീവിക്കാൻ; വസ്തു വിൽപന കൃത്യം വേഗത്തിലാക്കി: മരുമകളുടെ മൊഴി

Aswathi Kottiyoor
WordPress Image Lightbox