26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ശീവേലിക്കെത്തിയ ‘പാര്‍ഥസാരഥി’ ഇടഞ്ഞു; 2 കാറും ടെമ്പോ ട്രാവലറും തകർത്തു, മതിലിടിച്ചിട്ടു, പാപ്പാൻമാരെ വിരട്ടി!
Uncategorized

ശീവേലിക്കെത്തിയ ‘പാര്‍ഥസാരഥി’ ഇടഞ്ഞു; 2 കാറും ടെമ്പോ ട്രാവലറും തകർത്തു, മതിലിടിച്ചിട്ടു, പാപ്പാൻമാരെ വിരട്ടി!

തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ശീവേലിക്കു കൊണ്ടുവന്ന ആന ഇടഞ്ഞോടി വന്‍ നാശനഷ്ടം വരുത്തി. ഒളരി പിതൃക്കോവില്‍ പാര്‍ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. ഒന്നര മണിക്കൂര്‍ ഭീതി പരത്തിയ കൊമ്പന്‍ രണ്ട് കാറും ടെമ്പോ ട്രാവലറും പൂര്‍ണമായി തകര്‍ത്തു. രണ്ട് ടെമ്പോട്രാവലറുകള്‍ ഭാഗികമായി തകര്‍ത്തിട്ടുണ്ട്. ക്ഷേത്രത്തിനടുത്തുള്ള കെ. ദിനേശ് രാജ എന്നയാളുടെ വീടിന്റെ ചുറ്റുമതിലും ആന തകര്‍ത്തു. അയ്യപ്പഭക്തരുമായി എത്തിയവരുടേതാണ് തകര്‍ത്ത വാഹനങ്ങള്‍.കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ദേവസ്വം ആനപ്പറമ്പില്‍ തളച്ചിട്ടിരിക്കുകയായിരുന്ന ആനയ്ക്ക് പാപ്പാന്‍മാര്‍ വെള്ളം കൊടുക്കുന്നതിനിടെ ആന ഇടയുകയായിരുന്നു. ഇടഞ്ഞോടിയ ആന പടിഞ്ഞാറെ നട വഴി രാധാകൃഷ്ണ ഓഡിറ്റോറിയത്തിനു സമീപത്തെ പറമ്പിലെത്തി. പുറകേ എത്തിയ പാപ്പാന്‍മാരെ ആന വിരട്ടിയോടിച്ചു. പറമ്പില്‍നിന്നും തൃശൂര്‍ റോഡിലേക്ക് കയറിയ ആന റോഡരികില്‍ കിഴക്കുഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രാവലര്‍ സമീപത്തെ കാനയിലേക്ക് മറിച്ചിട്ടു.

ഈ സമയം വാഹനത്തില്‍ ആരും ഉണ്ടാവാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. അക്രമാസക്തനായ ആന സമീപത്തുണ്ടായിരുന്ന കാറും തകര്‍ത്ത് കാനയിലേക്ക് കുത്തിമറിച്ചിട്ടു. രണ്ട് വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. റോഡിന്റെ പടിഞ്ഞാറ് പാര്‍ക്കുചെയ്തിരുന്ന രണ്ട് ടെമ്പോ ട്രാവലറുകള്‍ ഭാഗികമായി കേടുപാടു വരുത്തി. എകാദശി വില്പനയ്ക്കായി സ്ഥാപിച്ച സമീപത്തെ വഴിവാണിഭകടയും ആന തകര്‍ത്തു. തുടര്‍ന്ന് പറമ്പിലേക്ക് തന്നെ ഇറങ്ങിയ ആന പരാക്രമം തുടര്‍ന്നു. അതിനിടെ പാപ്പാന്‍മാര്‍ ആനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ വിരട്ടി ഓടിച്ചു. പറമ്പിലെ തെങ്ങ് കുത്തിമറിച്ചിടാനും ശ്രമിച്ചു.

വീണ്ടും റോഡിലേക്ക് കയറിയ ആന റോഡിന് പടിഞ്ഞാറ് ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറും തകര്‍ത്തു. കാര്‍ മതിലിനപ്പുറത്തേക്ക് മറിച്ചിടുകയുംചെയ്തു. തൃശൂരില്‍നിന്നും എലിഫന്റ് സ്‌ക്വാഡെത്തി വടം കെട്ടി 5.35 ഓടെയാണ് ആനയെ തളച്ചത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് ശങ്കര്‍, വലപ്പാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ആന ഇടഞ്ഞതറിഞ്ഞ് നൂറുകണക്കിനാളുകള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ത്യപ്രയാര്‍ -തൃശൂര്‍ സംസ്ഥാനപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ദുരന്തം ഒഴിവാക്കാന്‍ ഗതാഗതം പൊലീസ് മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയായിരുന്നു.

Related posts

ഐടെച്ച് പേരാവൂരിന്റെ പ്രിന്റിങ്ങ് യൂണിറ്റ് തൊണ്ടിയിൽ പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor

കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഐയ്‌ഡന്റെ മൃദദേഹം നാളെ സംസ്കരിക്കും

Aswathi Kottiyoor

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്, തീരുമാനം പുന:പരിശോധിക്കണം: മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox