വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളത്ത് വെള്ളിയാഴ്ച മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽനിന്ന് പുറപ്പെടും. ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ഭണ്ഡാരം എഴുന്നള്ളത്ത് അർധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. അക്കരെ പ്രവേശിക്കുന്നതുമുതൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് ദർശനം നടത്താം. നിത്യപൂജകളും ആരംഭിക്കും.
വ്യാഴം അർധരാത്രിയോടെ വൈശാഖ മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങായ നെയ്യാട്ടം പൂർത്തിയായി. വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽനിന്നുള്ള വാൾ എഴുന്നള്ളത്ത് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തി. എടയാർ മൂഴിയോട്ടില്ലത്തെ സുരേഷ് നമ്പൂതിരിയാണ് വാൾ എഴുന്നള്ളിച്ചത്. വാൾ ഇക്കരെ ശ്രീകോവിലിൽ പ്രവേശിച്ചതോടെ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
മുതിരേരിവാൾ എത്തിയതോടെ അടിയന്തരയോഗ സമേതം പടിഞ്ഞിറ്റി നമ്പൂതിരി അക്കരെ കടന്ന് ചാതിയൂരിൽനിന്ന് എത്തിയ തീ ഉപയോഗിച്ച് മണിത്തറയിൽ ചോതിവിളക്ക് തെളിച്ചു. തുടർന്ന് നെയ്യഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്ഥാനികർ സ്വയംഭൂ വിഗ്രഹത്തെ ആവരണം ചെയ്ത അഷ്ടബന്ധം നീക്കി. പാലോന്നം നമ്പൂതിരി നെയ്യാട്ടത്തിനുള്ള രാശി വിളിച്ചറിയിച്ചതോടെ നെയ്യാട്ടം തുടങ്ങി. ആദ്യം വില്ലിപ്പാലൻ കുറുപ്പിന്റെയും തുടർന്ന് തമ്മേങ്ങാടൻ നമ്പ്യാരുടെയും നെയ്യ് അഭിഷേകംചെയ്‌തു. തുടർന്ന് വിവിധ മഠങ്ങളിൽനിന്നുള്ള വ്രതക്കാരും നെയ്യും അഭിഷേകംചെയ്‌തു.