ടാക്സ്, ഫീസ് ഇനത്തിൽ മോട്ടോർ വാഹനവകുപ്പ് പിരിച്ചെടുക്കേണ്ട തുകയുടെ ടാർജറ്റ് കൂട്ടി സർക്കാർ. കഴിഞ്ഞ സാന്പത്തിക വർഷത്തേക്കാളും 1162 കോടി രൂപയുടെ അധിക ടാർജറ്റ് നൽകി. 2022-23 സാന്പത്തിക വർഷത്തിൽ മോട്ടോർവാഹന വകുപ്പിന്റെ ടാർജറ്റ് 4,138.59 കോടിരൂപയായിരുന്നു. എന്നാൽ പുതുക്കിയ ബജറ്റ് പ്രകാരം 5,300.71 കോടി രൂപയാണ് നൽകിയിരിക്കുന്നത്. ഇതോടെ, 1000 കോടിയിലധികം രൂപയുടെ വർധനയാണു വന്നിരിക്കുന്നത്.
ഈ തുക പിരിച്ചെടുക്കുന്നതിനായുള്ള നിർദേശം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ, ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് ഉത്തരവായി നൽകി. 308.32 കോടി രൂപ ടാർജറ്റുള്ള തിരുവനന്തപുരം ജില്ലയുടെ പുതിയ ടാർജറ്റ് 394.89 കോടി രൂപയാണ്. എറണാകുളം ജില്ലയ്ക്കാണ് ഏറ്റവും കൂടുതൽ ടാർജറ്റുള്ളത്. 457.31 കോടിയായിരുന്നു ഇവരുടെ ടാർജറ്റ്. ഇത് 585.72 കോടി രൂപയാക്കി ഉയർത്തി. വയനാട് ജില്ലയ്ക്കാണ് ഏറ്റവും കുറവ്-98.1 കോടി രൂപ.
മോട്ടോർ വാഹന സുരക്ഷാ നിയമപ്രകാരമുള്ള പിഴയിനത്തിൽ വർഷം 250 മുതൽ 300 കോടി രൂപ വരെ പിരിക്കാൻ സാധിക്കുമെന്നാണു സർക്കാരിന്റെ കണ്ടെത്തൽ. ഇപ്പോൾ പിരിക്കുന്നത് 60 – 70 കോടി രൂപയാണ് .പിഴയീടാക്കുന്നതിന് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയിന്റ് ആർടിഒ, ആർടിഒ എന്നിവർക്കും ടാർജറ്റ് നല്കിയിട്ടുണ്ട്. 2019-ലെ ഉത്തരവു പ്രകാരമാണ് ഇവരുടെ ടാർജറ്റ്. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (രണ്ട് ലക്ഷം), മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (ഒന്നരലക്ഷം), ജോയിന്റ് ആർടിഒ (50,0000) എന്നിങ്ങനെയാണ് നല്കിയിരിക്കുന്ന മാസ ടാർജറ്റ്.