• Home
  • Kerala
  • ഈ വർഷം എസ്.എ.ടി. ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കും: മന്ത്രി വീണാ ജോർജ്
Kerala

ഈ വർഷം എസ്.എ.ടി. ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കും: മന്ത്രി വീണാ ജോർജ്

*അപൂർവ രോഗം ബാധിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ഈ വർഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ സഹായിക്കും. എസ്.എ.ടി.യിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ജനിറ്റിക് ലാബ് ആരംഭിക്കും. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സാ ചെലവും പരിശോധനാ ചെലവും കുറയ്ക്കാനുമായി ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അതനുസരിച്ച് മുന്നോട്ടു പോകാനാണ് ആലോചിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര അപൂർവ രോഗ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ സംഘടിപ്പിച്ച അപൂർവ രോഗം ബാധിച്ച കേരളത്തിലെ കുട്ടികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അപൂർവ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങളുടെ ചികിത്സയും തുടർ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്. അപൂർവ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് പ്രധാനം. മാത്രമല്ല പിന്തുണ ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് ഇതിലൂടെ സഹായകരമാകുന്നു. കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ ചേർത്ത് പിടിക്കുന്ന എല്ലാ രക്ഷിതാക്കൾക്കും ആദരവറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

എസ്എടി ആശുപത്രിയിലെ ജനിറ്റിക് വിഭാഗം, എൽഎസ്ഡിഎസ്എസ്, ക്യൂർ എസ്എംഎ എന്നിവർ ചേർന്നാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ, അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസ് നോഡൽ ഓഫീസർ ഡോ. ശങ്കർ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. മേരി ഐപ്പ്, ആർഎംഒ ഡോ. റിയാസ് എന്നിവർ പങ്കെടുത്തു.

Related posts

ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സിൽവർ ലൈൻ : വിദേശവായ്‌പ 4 ബാങ്കിൽനിന്ന്‌ ; റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങളെല്ലാം കൈമാറി

Aswathi Kottiyoor

റേഷന്‍ കടയുടമകള്‍ക്കുള്ള കമ്മിഷന്‍തുക അനുവദിക്കാന്‍ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox