• Home
  • Kerala
  • 8 ആശുപത്രികളുടെ വികസനത്തിന് 605 കോടിയുടെ കിഫ്ബി അനുമതി
Kerala

8 ആശുപത്രികളുടെ വികസനത്തിന് 605 കോടിയുടെ കിഫ്ബി അനുമതി

സംസ്ഥാനത്തെ 8 ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രി 50.06 കോടി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി 91.88 കോടി, തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രി 76.51 കോടി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി 36.19 കോടി, കണ്ണൂർ ജില്ലാ ആശുപത്രി 10.70 കോടി, എറണാകുളം കോതമംഗലം താലൂക്കാശുപത്രി 11.21 കോടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് 43.75 കോടി, തൃശൂർ മെഡിക്കൽ കോളേജ് മദർ ആന്റ് ചൈൽഡ് ബ്ലോക്ക് 279.19 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ 90,000 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിൽ 7 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. റിസപ്ഷൻ, വാർഡുകൾ, ഓപ്പറേഷൻ തീയറ്റർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ കെട്ടിടത്തിലുണ്ടാകും. കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രിയിൽ 1.80 ലക്ഷം സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലുള്ള 6 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. അത്യാഹിത വിഭാഗം, രജിസ്ട്രേഷൻ, ഒപി വിഭാഗം, ഓപ്പറേഷൻ തീയറ്റർ, ഐസിയു, മോർച്ചറി എന്നിവയുണ്ടാകും. തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രി 1.55 ലക്ഷം സ്‌ക്വയർഫീറ്റ് വിസ്തീർണത്തിൽ 7 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. അത്യാഹിത വിഭാഗം, ട്രയാജ്, ഒപി വിഭാഗം, വാർഡുകൾ, മോർച്ചറി എന്നിവയുണ്ടാകും.

മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി 50,000 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിൽ 8 നിലകളുള്ള ആശുപത്രി ബ്ലോക്കും 3,000 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലുള്ള സർവീസ് ബ്ലോക്കുമാണ് നിർമ്മിക്കുന്നത്. ഒപി വിഭാഗം, അഡ്മിനിസ്ട്രേഷൻ വിഭാഗം, ട്രയാജ്, ഓപ്പറേഷൻ തീയറ്റർ, വാർഡുകൾ, ഐസിയു, ട്രെയിനിംഗ് ഹാൾ എന്നിവയുണ്ടാകും. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ബയോമെഡിക്കൽ ഉപകരണങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കുമായാണ് തുകയനുവദിച്ചിരിക്കുന്നത്. എറണാകുളം കോതമംഗലം താലൂക്കാശുപത്രിയിൽ നിലവിലുള്ള 2 കെട്ടിടങ്ങളുടെ മുകൾഭാഗത്തായി ഓരോ നിലകളാണ് നിർമ്മിക്കുന്നത്. ലേബർ വാർഡ്, ഒഫ്ത്താൽമോളജി വാർഡ്, ഒഫ്ത്താൽമോളജി ഓപ്പറേഷൻ തീയറ്റർ, ഒബ്സർവേഷൻ റൂം എന്നിവയുണ്ടാകും.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇമേജോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് തുകയനുവദിച്ചത്. സിടി, എംആർഐ തുടങ്ങിയ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, സിവിൽ ജോലികൾ, സിഎസ്എസ്ഡി നിർമ്മാണം എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

തൃശൂർ മെഡിക്കൽ കോളേജ് അത്യാധുനിക മദർ ആന്റ് ചൈൽഡ് ബ്ലോക്ക് നിർമ്മിക്കുന്നു. 5.5 ലക്ഷം സ്‌ക്വയർഫീറ്റ് വിസ്തീർണത്തിൽ 9 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. അത്യാഹിത വിഭാഗം, റേഡിയോ ഡയഗ്‌നോസ്റ്റിക് വിഭാഗം, 488 കിടക്കകളുള്ള വാർഡ്, 44 ഐസൊലേഷൻ വാർഡ്, 9 സർജിക്കൽ സ്യൂട്ട്, 2 ഗൈനക് ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവയാണ് സജ്ജമാക്കുന്നത്.

Related posts

പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ പോലീസ് സഹായം തേടും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ശബരിമല: അഞ്ച് ഘട്ടമായി തിരിച്ച് പോലീസ് സുരക്ഷ

Aswathi Kottiyoor

സെർവർ തകരാർ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷൻ കടകൾ നാളെ വരെ അടച്ചിടും

Aswathi Kottiyoor
WordPress Image Lightbox