• Home
  • kannur
  • സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 42% ചെലവഴിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ: ഡോ ജിജു പി. അലക്‌സ്
kannur

സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 42% ചെലവഴിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ: ഡോ ജിജു പി. അലക്‌സ്

കേന്ദ്ര പദ്ധതികൾക്ക് നൽകുന്ന വിഹിതം കൂടി പരിഗണിക്കുമ്പോൾ കേരളത്തിന്റെ മുഴുവൻ പദ്ധതി വിഹിതത്തിന്റെയും ഏതാണ് 42 ശതമാനം തുകയും നേരിട്ട് ചെലവഴിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ജിജു പി. അലക്‌സ് പറഞ്ഞു. കണ്ണൂരിൽ ജില്ലാ പഞ്ചായത്തിന്റെ കരട് പദ്ധതി രേഖ 2023-24 ചർച്ച ചെയ്യുന്നതിനുള്ള വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിനും കോവിഡിനും പുറമെ കേന്ദ്രസർക്കാറിന്റെ പ്രതിലോമ സാമ്പത്തിക നയവും ഉണ്ടാക്കിയ രൂക്ഷമായ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഇന്ത്യയിൽ കേരളം മാത്രമാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് മുഴുവൻ പദ്ധതിയുടെ 27.19 ശതമാനം നീക്കി വെച്ചത്. തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് നിർബന്ധമായും നൽകേണ്ട 40 ശതമാനം വിഹിതം ഇതിന് പുറമെയാണ്. സംസ്ഥാനത്തിന്റെ 100 രൂപയിൽ 42 രൂപയും ചെലവഴിക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. ബാക്കി മാത്രമേ സർക്കാർ നേരിട്ട് ചെലവഴിക്കുന്നുള്ളൂ. അതിനാൽ, സാമ്പത്തിക പ്രശ്‌നങ്ങളിൽനിന്ന് കര കയറുന്നതിന് സർക്കാർ വിഭാവനം ചെയ്യുന്ന കാര്യങ്ങൾ അതേ തീവ്രതയിൽ, കാര്യക്ഷമതയിൽ നടപ്പിലാക്കാനുള്ള വലിയ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടത് കൃത്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കണം. ഓരോ മേഖലയിലും എത്രത്തോളം വളർച്ചയാണ് കൈവരിക്കേണ്ടത് എന്ന് ആസൂത്രണം ചെയ്യാൻ കഴിയണം. തദ്ദേശ സ്ഥാപനങ്ങൾ 25 വർഷം കൊണ്ട് കൈവരിച്ച മുഴുവൻ മേന്മയും ശേഷിയും ഉപയോഗിച്ച് കുറച്ചു കൂടി വസ്തുനിഷ്ഠമായ, പ്രൊഫഷനലായ പദ്ധതി ആസൂത്രണത്തിലേക്കും നിർവഹണത്തിലേക്കും എത്തേണ്ടതുണ്ട്. ചെലവഴിക്കുന്ന ഓരോ പൈസയും കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയണം.
കാലാവസ്ഥാ വ്യതിയാനം, ദുരന്ത നിവാരണം, വേസ്റ്റ് മാനേജ്‌മെൻറ്, ക്ലീൻ എൻവയോൺമെൻറ്, സംരംഭകത്വം തുടങ്ങി നാം ഇത്രയും കാലം കൈവെച്ചിട്ടില്ലാത്ത, പരിചയമില്ലാത്ത വിഷയങ്ങളെ പദ്ധതികളിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയണം. തദ്ദേശ സ്ഥാപന വിഹിതം ഏറ്റവും പൗരാണികമായ, പ്രാചീനമായ സങ്കേതങ്ങൾ ഉപയോഗിച്ചും ബാക്കി സർക്കാറിന്റെ വിഹിതം ഏറ്റവും പുതിയ സങ്കേതങ്ങൾ ഉപയോഗിച്ചും ചെയ്യാൻ കഴിയില്ല. 100 ശതമാനം തുകയും ഏറ്റവും ആധുനികമായ സങ്കേതങ്ങൾ ഉപയോഗിച്ച് ചെയ്യേണ്ടതുണ്ട്. ആ തരത്തിലുള്ള സ്വയംപഠനവും സ്വയം നവീകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ യു പി ശോഭ അവതരിപ്പിച്ച 2023-24 കരട് പദ്ധതി രേഖയിൽ മുന്നൂറോളം പദ്ധതികളിൻമേൽ 16 ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ച നടത്തി. വന്യമൃഗ സംരക്ഷണ മേഖലയിൽ റിപ്പല്ലൻറ്‌സ്, സ്‌കെയ്‌റേഴ്‌സ്, അലാം, സിഗ്‌നലുകൾ സ്ഥാപിക്കൽ, സൗരോർജവേലി, കണ്ണൂർ ചില്ലീസ് മുളക് കൃഷി പദ്ധതി, ചെറുധാന്യം, സൂര്യകാന്തി കൃഷി വ്യാപനം, കണ്ണൂർ ഹെറിറ്റേജ് ബിനാലെ, മലയാളം പുസ്തകങ്ങളുടെ ബ്രെയിലി ലിപി അച്ചടി, പട്ടികജാതി വിഭാഗക്കാർക്ക് അണിയലം നിർമ്മാണ കേന്ദ്രങ്ങൾ, ശ്മശാനങ്ങളുടെ നവീകരണം, കവിതകളുടെ സർഗാത്മക പഠനം, ടൂറിസം കേന്ദ്രങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം, പൈതൽമല, പാലക്കയംതട്ട്, ചാൽബീച്ച് എന്നീ ടൂറിസം കേന്ദ്രങ്ങളിൽ കാറ്റാടി യന്ത്രം ഉപയോഗിച്ച് വൈദ്യുതി ഉൽപാദനം എന്നിവ ശ്രദ്ധേയമായ പദ്ധതി നിർദേശങ്ങളാണ്.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ പ്രത്യേക ഘടക പദ്ധതികൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ് ബാബു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ അഡ്വ. കെ കെ രത്‌നകുമാരി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി എം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.

Related posts

നിർമാണം പൂർത്തിയായി; ഉദ്ഘാടനം കാത്ത് മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ

Aswathi Kottiyoor

110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു…………

Aswathi Kottiyoor
WordPress Image Lightbox