പേരാവൂർ : തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 15 ദിവസത്തിനകം നൽകാനും കൂലി വൈകിയാൽ നഷ്ടപരിഹാരം നൽകാനുമുള്ള ചട്ടങ്ങൾ കേരളം രൂപീകരിച്ചതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവൻ നീർത്തടങ്ങളിലും സമഗ്ര നീർത്തട പരിപാലന പദ്ധതി തയാറാക്കുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനവും സമഗ്ര പദ്ധതി രേഖാ പ്രകാശനവും പേരാവൂരിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരു ബ്ലോക്കിലെ മുഴുവൻ നീർത്തടങ്ങൾക്കും സമഗ്ര നീർത്തട പരിപാലന പദ്ധതി തയാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായി പേരാവൂർ മാറിയതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
തൊഴിലുറപ്പ് കൂലി വൈകിയാൽ കാരണക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണ് ജലസംരക്ഷണ കാർഷിക വികസന രംഗത്ത് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളത്തിന് മാതൃകയാണ്. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാണ് നീർത്തട വികസനം നടപ്പിലാക്കുന്നത്. സമഗ്ര പദ്ധതി രേഖ കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം. കൃഷ്ണൻ ഏറ്റുവാങ്ങി. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നവ കേരളം കർമപദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ മുഖ്യ പ്രഭാഷണം നടത്തി. തീം സോഗ് പ്രകാശനം സിഡബ്ള്യുആർഡിഎം എക്സിക്യുട്ടീവ് ഡയരക്ടർ ഡോ. മനോജ് പി സാമുവൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. വേണുഗോപാലൻ, ആന്റണി സെബാസ്റ്റ്യൻ, സി.ടി. അനീഷ്, റോയി നമ്പുടാകം, ടി. ബിന്ദു, എം. റിജി, വി. ഹൈമാവതി എന്നിവർ പങ്കെടുത്തു