21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • കണ്ണൂരിനെ സമ്പൂർണ ശുചിത്വ ജില്ലയാക്കും
kannur

കണ്ണൂരിനെ സമ്പൂർണ ശുചിത്വ ജില്ലയാക്കും

കണ്ണൂർ: ജില്ലയിലെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് വേഗത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ബ്ലോക്ക്തല അവലോകന യോഗങ്ങൾക്ക് തുടക്കമായി.

പ്ലാസ്റ്റിക്മുക്ത ജില്ല, ഹരിത കർമസേന പ്രവർത്തനങ്ങൾ, നൂറുശതമാനം യൂസർഫീ ശേഖരണം, കോഴിയിറച്ചി മാലിന്യമുക്ത ജില്ല, ഹരിത പെരുമാറ്റ പ്രവർത്തനങ്ങളുടെ വ്യാപനം തുടങ്ങിയ പ്രവർത്തനങ്ങളുടെ അവലോകനങ്ങളാണ് ബ്ലോക്ക് തലങ്ങളിൽ നടക്കുന്നത്.

ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ഈയടുത്ത് നടന്ന പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ തീരുമാനമായത്. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 240.905 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തിരുന്നു.

പരിശോധനയിൽ 62,400 രൂപ പിഴയും ഈടാക്കി. 75 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് പിടിച്ചെടുത്തത് ചെമ്പിലോട് പഞ്ചായത്തിൽ നിന്നാണ്. ഇവിടെ 33 സ്ഥാപനങ്ങളിൽനിന്നായി 48 കിലോ പിടിച്ചെടുത്ത് 4000 രൂപ പിഴ ഈടാക്കി.

മുമ്പ് ചട്ടലംഘനം നടത്തിയതിന് പിഴ ഈടാക്കിയ സ്ഥാപനങ്ങൾക്കുതന്നെ വീണ്ടും പിഴ ഈടാക്കേണ്ട സാഹചര്യം നിലവിലുണ്ടെന്നും വ്യാപാരികളും പൊതുജനങ്ങളും ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനവുമായി സഹകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ടി.ജെ. അരുൺ പറഞ്ഞു. ഇതിന്റെ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കാൻ അവലോകന യോഗം ചേരുന്നത്.

ജില്ല ഏകോപന സമിതി മുൻകൈയെടുത്താണ് അവലോകന യോഗങ്ങൾ വിളിച്ചുചേർക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ ആരോഗ്യ സ്ഥിരം സമിതി ചെയർമാന്മാർ, പഞ്ചായത്ത് സെക്രട്ടറിമാർ, അസി. സെക്രട്ടറിമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ, ഹരിത കർമസേന കൺസോർട്യം ഭാരവാഹികൾ തുടങ്ങിയവരാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്.

ഇരിട്ടി, കൂത്തുപറമ്പ് ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ യോഗം ചേർന്നത്. നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കാനായി പരിശോധന കർശനമാക്കാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറി, അസി. സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരുടെ പ്രത്യേക സംഘമാണ് എല്ലാ മാസവും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുക. അവശേഷിക്കുന്ന ബ്ലോക്കുകളിൽ അവലോകന യോഗം വരും ദിവസങ്ങളിൽ നടക്കും.

Related posts

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ സർക്കാർ സ്ഥാപനങ്ങളിൽ ബോർഡ് സ്ഥാപിക്കണം

Aswathi Kottiyoor

മാഹിയിൽ മാ​ലി​ന്യം തള്ളുന്നവ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ

Aswathi Kottiyoor

തണ്ണീര്‍ത്തട സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം: ജില്ലാ ആസൂത്രണ സമിതി

Aswathi Kottiyoor
WordPress Image Lightbox