കണ്ണൂർ: കണ്ണൂരിൽ ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. ഞായറാഴ്ച വൈകുന്നേരം 5.15ഓടെ കണ്ണൂർ സൗത്തിനും എടക്കാടിനുമിടയിൽ മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിനു നേരെയായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ്.രാജേഷിന്റെയും രഞ്ജിനിയുടെയും മകൾ കീർത്തനയ്ക്ക് പരിക്കേറ്റിരുന്നു. അമ്മയ്ക്കും മുത്തശിക്കുമൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനുശേഷം തിരിച്ചുപോകുന്നതിനിടെയാണ് കീർത്തനയ്ക്ക് കല്ലേറിൽ പരിക്കേറ്റത്. കല്ലെറിഞ്ഞയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.