ന്യൂഡൽഹി: ഗൾഫ് വിമാനനിരക്കുയർന്നാൽ അതേറ്റവും കൂടുതൽ ബാധിക്കുക മലയാളികളെയല്ലേയെന്നു ഡൽഹി ഹൈക്കോടതിയുടെ ചോദ്യം. ഗൾഫ് രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള വിമാനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച ഹൈക്കോടതി, വിഷയം വ്യോമയാന മന്ത്രാലയത്തിനു നിവേദനമായി നൽകാൻ നിർദേശിച്ചു. കേരള പ്രവാസി അസോസിയേഷനു വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് ഹാജരായത്. അമിത നിരക്ക് ഈടാക്കാൻ വഴിവയ്ക്കുന്ന വിമാന ചട്ടത്തിലെ 135(1) വകുപ്പ് ഏകപക്ഷീയമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.