• Home
  • Wayanad
  • സമ്പുഷ്ടീകരിച്ച അരി വിതരണം; രക്തജന്യരോഗികളേറെയുള്ള വയനാട്ടില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്ന് ആശങ്ക.
Wayanad

സമ്പുഷ്ടീകരിച്ച അരി വിതരണം; രക്തജന്യരോഗികളേറെയുള്ള വയനാട്ടില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്ന് ആശങ്ക.

കല്പറ്റ: വയനാട്ടില്‍ പൊതുവിതരണസമ്പ്രദായത്തിലൂടെ സമ്പുഷ്ടീകരിച്ച (ഫോര്‍ട്ടിഫൈഡ്) അരി വിതരണംചെയ്യാനുള്ള തീരുമാനത്തില്‍ ആശങ്ക. രാജ്യത്ത് 15 ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിക്കായി കേരളത്തില്‍ വയനാടിനെ മാത്രമാണ് തിരഞ്ഞെടുത്തത്. ദരിദ്രര്‍ക്കിടയിലെ പോഷകക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ചാണ് രാജ്യത്ത് അരി, ഗോതമ്പ്, എണ്ണ, പാല്‍ എന്നിവയുടെ സമ്പുഷ്ടീകരണത്തെ പ്രോത്സാഹിപ്പിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധാഭിപ്രായം.

കുട്ടികളിലും ഗര്‍ഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കുകയെന്ന പേരിലാണ് കൃത്രിമവിറ്റാമിനുകളും ധാതുക്കളും ചേര്‍ത്ത് അരിപോലുള്ള ഭക്ഷ്യവസ്തുക്കള്‍ സമ്പുഷ്ടീകരിക്കുന്നത്. കോടികളുടെ ബിസിനസാണ് ഈ മേഖലയില്‍ നടക്കുന്നത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് ഫോര്‍ട്ടിഫിക്കേഷനെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ആക്ഷേപങ്ങളുണ്ട്. വയനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിക്കാതെയും കേന്ദ്രത്തിന്റെതന്നെ മാര്‍ഗരേഖകള്‍ അവഗണിച്ചുമാണ് സമ്പുഷ്ടീകരിച്ച അരി വിതരണംചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍ രോഗം), തലാസീമിയ രോഗികളുള്ള ജില്ലയാണ് വയനാട്. ചെട്ടി, പണിയ, അടിയ വിഭാഗങ്ങളിലെ സാധാരണക്കാരാണ് അരിവാള്‍രോഗികളിലേറെയും. ഇവരൊക്കെയും പൊതുവിതരണസമ്പ്രദായത്തെ ആശ്രയിക്കുന്നവരാണ്. 2018-ലെ കേന്ദ്ര ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍പ്രകാരം തലാസീമിയ രോഗമുള്ളവര്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം കഴിക്കാവൂ എന്നും, അരിവാള്‍രോഗികള്‍ ഇത്തരം ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തലാസീമിയ രോഗമുള്ളവര്‍ക്കും കുറഞ്ഞഅളവില്‍ ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഇരുമ്പ് കൃത്രിമമായി സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങള്‍ നിര്‍ദേശിക്കുന്നില്ലെന്നും കേന്ദ്ര ഭക്ഷ്യപൊതുവിതരണവകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.

ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഉള്ളവരിലും, മലേറിയ, ക്ഷയം പോലുള്ള അണുബാധകളുള്ളവരിലും ഇരുമ്പിന്റെ സാന്നിധ്യം ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അരിവാള്‍രോഗികളില്‍ ഇരുമ്പിന്റെ ആധിക്യത്തിനിടയാക്കുന്നത് കരള്‍, ഹൃദയം, ഹോര്‍മോണ്‍ വ്യവസ്ഥ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാക്കും. തലാസീമിയ രോഗമുള്ളവരില്‍ ഹൃദ്രോഗങ്ങള്‍ക്കും വളര്‍ച്ചാമുരടിപ്പിനും കൃത്രിമമായി ഇരുമ്പുചേര്‍ത്ത ഭക്ഷണങ്ങള്‍ കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Related posts

ബഫര്‍ സോണ്‍ പ്രഖ്യാപനം: മാനന്തവാടിയില്‍ പ്രതിഷേധക്കടല്‍

Aswathi Kottiyoor

വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു……….

Aswathi Kottiyoor

ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു

Aswathi Kottiyoor
WordPress Image Lightbox