ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയെന്ന് റവന്യൂമന്ത്രി കെ.രാജൻ. പെരിങ്ങൽകുത്തിൽ നിന്ന് 37,902 ക്യൂസെക്സ് വെള്ളമാണ് ചാലക്കുടിപ്പുഴയിലെത്തുന്നത്. ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗ്രത തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാംപുകളിൽനിന്ന് നിർദേശമില്ലാതെ മടങ്ങരുത്. മഴ കുറഞ്ഞാലും വീടുകളിലേക്ക് തിരികെ പോകരുത്. വടക്കൻ മേഖലകളിലേക്ക് മഴ വ്യാപിക്കുകയാണ്. ഇന്ന് ഏറ്റവും കുടുതൽ മഴ ലഭിച്ചത് തൃശൂര്‍ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു. 2018ലെ പ്രളയബാധിത മേഖലകളിൽ നിന്നാണ് ഒഴിപ്പിക്കൽ. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍നിന്ന് വ്യാഴാഴ്ച രാവിലെ മുതല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലത്തിന്റെ ഒഴുക്ക് വര്‍ധിച്ചതിനാലാണ് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത്.
ചാലക്കുടിപ്പുഴയിലെ നിലവിലെ ജലനിരപ്പ് 6.8 മീറ്ററാണ്. 7.1 മീറ്റര്‍ ആയി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിക്കും. കേരള ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ കൂടുതല്‍ തുറന്നതിനാൽ രാത്രിയോടെ അധികജലം ചാലക്കുടിപ്പുഴയിലെത്തും. പുഴയുടെ തീരങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.