ബര്‍മിങ്ങാം: വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പൂനം യാദവിന് നിരാശ. വനിതകളുടെ 76 കിലോ വിഭാഗത്തില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടില്‍ ഒരു ക്ലീന്‍ ലിഫ്റ്റ് പോലും സ്വന്തമാക്കാന്‍ സാധിക്കാതെ താരം പുറത്താകുകയായിരുന്നു. മുന്‍പ് 2014 ഗ്ലാസ്ഗൗ ഗെയിംസില്‍ ഇന്ത്യയ്ക്കായി വെങ്കലവും 2018-ല്‍ ഗോള്‍ഡ് കോസ്റ്റില്‍ സ്വര്‍ണവും നേടിയ താരത്തിന് പക്ഷേ ചൊവ്വാഴ്ച പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.
സ്‌നാച്ചില്‍ 98 കിലോ ഉയര്‍ത്തി രണ്ടാം സ്ഥാനത്തായിരുന്ന പൂനത്തിന് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലാണ് പിഴച്ചത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ മൂന്ന് ശ്രമത്തിലും 116 കിലോ നിയമപരമായ രീതിയില്‍ ഉയര്‍ത്താന്‍ പൂനത്തിന് സാധിച്ചില്ല. റഫറിമാരുടെ തീരുമാനത്തെ പൂനത്തിന്റെ പരിശീലകസംഘം ചലഞ്ച് ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല.
മത്സരത്തില്‍ സ്‌നാച്ചില്‍ 100 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 128 കിലോയും ഉള്‍പ്പെടെ 228 കിലോ ഉയര്‍ത്തിയ കാനഡയുടെ മായ ലയ്‌ലര്‍ക്കാണ് സ്വര്‍ണം. നൈജീരിയയുടെ തയ്വോ ലിയാഡി വെള്ളിയും നൗറുവിന്റെ മാക്‌സിമിന യുവേപ വെങ്കലവും നേടി.