ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ശിശുപരിചരണം എന്നിവ ഉൾപ്പെടെ 23,000 ൽ ഏറെ ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ ലഭ്യമാകുന്ന പുതിയ ഓൺലൈൻ സംവിധാനം (https://ugceresources.in) യുജിസി അവതരിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രണ്ടാം വാർഷിക ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലും ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണു നടപടി. ഇംഗ്ലിഷിനു പുറമേ മലയാളം ഉൾപ്പെടെ 8 പ്രാദേശിക ഭാഷകളിലും കോഴ്സുകൾ ലഭ്യമാക്കും. നിലവിലുള്ള ‘സ്വയം’, ‘ഇ–പാഠശാല’ ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ഏകീകരിച്ച് ഒറ്റ സംവിധാനമാക്കി മാറ്റുകയാണു ചെയ്തിരിക്കുന്നതെന്നു യുജിസി അധികൃതർ വിശദീകരിച്ചു.
പുതിയ കാലത്തു ശ്രദ്ധ നേടിവരുന്ന വിവിധ മേഖലകളിലെ 137 ‘സ്വയം മൂക്’ കോഴ്സുകൾ, 25 എൻജിനീയറിങ് ഇതര ‘സ്വയം’ കോഴ്സുകൾ എന്നിവയെല്ലാം ഉൾപ്പെടെയുള്ള പോർട്ടൽ ഐടി മന്ത്രാലയത്തിന്റെ പിന്തുണയോടെയാണു സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്തെ 7.5 ലക്ഷം കോമൺ സർവീസ് കേന്ദ്രങ്ങൾ(സിഎസ്‌സി), സ്പെഷൽ പർപ്പസ് വെഹിക്കിൾ സെന്ററുകൾ എന്നിവയിലൂടെയും സേവനം ലഭിക്കും. വിദ്യാർഥികൾക്കു സ്വന്തം കംപ്യൂട്ടർ സംവിധാനം ഉപയോഗിച്ചും കോഴ്സുകളിൽ ഭാഗമാകാം.
67 പിജി വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾ, ‘സ്വയ’ത്തിനു കീഴിലുള്ള 135 പിജി, 243 യുജി കോഴ്സുകൾ എന്നിവയെല്ലാം വെബ്സൈറ്റിലുണ്ട്. കോഴ്സുകളെല്ലാം സൗജന്യമാണെന്നും സിഎസ്‌സി, എസ്‍പിവി സേവനം ഉപയോഗിക്കാൻ പ്രതിദിനം 20 രൂപയോ മാസം 500 രൂപയോ നൽകണമെന്നും യുജിസി ചെയർമാൻ ഡോ. എം.ജഗദേഷ് കുമാർ പറഞ്ഞു. ഹിന്ദി, തമിഴ്, ബംഗാളി, മറാഠി, ഗുജറാത്തി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും കോഴ്സുകൾ ലഭിക്കും.