കൊച്ചി: സംസ്ഥാനത്ത് ഐ.ടി രംഗത്ത് ഉണ്ടായത് വന്‍ കുതിപ്പാണെന്നും കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായം ഐ.ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചി ഇൻഫോ പാർക്ക് നല്ല രീതിയിൽ മെച്ചപ്പെട്ടു വരികയാണ്. 2016 മുതൽ സംസ്ഥാനത്ത് 46 ലക്ഷം ചതുരശ്ര അടി ഐ.ടി സ്‌പേസ് നിർമ്മിക്കാനായി. 45569 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സൗഹൃദ സംസ്ഥാനമായി കേരളം മാറി.സംസ്ഥാനത്ത് 4 ഐ ടി ഇടനാഴികള്‍ ഉടന്‍ നിലവില്‍ വരും. ഐ.ടി കേന്ദ്രങ്ങള്‍ തമ്മില്‍ കെ ഫോണ്‍ വഴി ഫൈബര്‍ കണക്‌ടിവിറ്റി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ ഫോണ്‍ പദ്ധതി 74 ശതമാനം പൂര്‍ത്തിയായി. ആവശ്യമായ ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ലഭിച്ചു കഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കൂടുതല്‍ പദ്ധതികളും തൊഴിലവസരങ്ങളും സൃഷ്‌ടിക്കും. ഐ.ടി മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി നടപ്പാക്കും. ഐ.ടി പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി കിഫ്ബി വഴി 1000 കോടി രൂപ ലഭ്യമാക്കുമെന്നും മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.