ന്യൂഡൽഹി: അതിവേഗ ടെലികോം സേവനങ്ങൾക്കായുള്ള 5ജി സ്‌പെക്ട്രം ലേലത്തിന്റെ രണ്ടാം ദിവസം 1.49 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലം ചെയ്തതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രമാണ് ലേലം ചെയ്‌തത്. വ്യാഴാഴ്‌ചയും തുടരും. ആദ്യ രണ്ടു ദിവസങ്ങളിലായി ഒമ്പത് റൗണ്ട് ലേലം പൂർത്തിയായി.
എല്ലാ സ്‌പെക്ട്രം ബാൻഡുകൾക്കും ആവശ്യക്കാരുണ്ട്. ആഗസ്‌ത് 14ന് സ്‌പെക്ട്രം അനുവദിക്കും. സെപ്‌തംബറോടെ 5ജി സേവനങ്ങൾക്ക് തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു–- വൈഷ്‌ണവ് അറിയിച്ചു. 4.3 ലക്ഷം കോടിരൂപ മൂല്യംവരുന്ന 72 ജിഗാഹെർട്‌സ് സ്‌പെക്ട്രമാണ് ലേലത്തിൽ വച്ചിട്ടുള്ളത്. ലേലപ്രക്രിയയിലൂടെ ഒരു ലക്ഷം കോടി രൂപയാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്.
വിവിധ ഏജൻസികളുടെ നിഗമനപ്രകാരം 700 മെഗാഹെർട്‌സ് ബാൻഡിൽ 80,100 കോടി രൂപയുടെ സ്‌പെക്ട്രം റിലയൻസ് ജിയോ സ്വന്തമാക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പാകട്ടെ 20 സർക്കിളുകളിലായി 26 ജിഗാഹെർട്‌സ് ബാൻഡിൽ 3350 മെഗാഹെർട്‌സ് സ്‌പെക്ട്രം 900 കോടി രൂപയ്‌ക്ക് നേടി.
ഭാരതി എയർടെൽ 45,000 കോടി രൂപ മുടക്കിയിട്ടുണ്ട്. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 20 ശതമാനം അധികമാണിത്. 1800 മെഗാഹെർട്‌സ്, 2100 മെഗാഹെർട്‌സ് ബാൻഡുകളാണ് എയർടെൽ കൂടുതലായും സ്വന്തമാക്കിയിട്ടുള്ളത്. വോഡഫോൺ ഐഡിയ 18,400 കോടി രൂപയുടെ സ്‌പെക്ട്രം ലേലത്തിൽ പിടിച്ചു.മുൻ സ്‌പെക്ട്രം ലേലങ്ങളിൽ ആരും താൽപ്പര്യപ്പെടാത്ത 700 മെഗാഹെർട്‌സ് ബാൻഡിലുള്ള സ്‌പെക്ട്രത്തിന് ഇക്കുറി ആവശ്യക്കാരുണ്ട്. 39,000 കോടി രൂപയുടെ സ്‌പെക്ട്രം ലേലത്തിൽ പോയി. കേരളം, ബംഗാൾ, ബിഹാർ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ 2100 മെഗാഹെർട്‌സ് ബാൻഡിലുള്ള സ്‌പെക്ട്രത്തിനാണ് ആവശ്യക്കാരുണ്ടായത്.