മട്ടന്നൂർ: മട്ടന്നൂരിനടുത്ത് പത്തൊന്പതാംമൈൽ കാശിമുക്കിൽ വാടകവീട്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ സ്റ്റീൽ ബോംബിന്റെ ഉറവിടം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. അബദ്ധത്തിലാണ് സ്ഫോടനം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും ഇവർക്ക് ബോംബ് എവിടെനിന്നു കിട്ടിയെന്ന് അന്വേഷിക്കുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു.
ആക്രിസാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തിയിരുന്ന ആസാം സ്വദേശികളായ ഫസൽ ഹഖ്(45), മകൻ ഷഹിദുൾ (25) എന്നിവരാണ് ബുധനാഴ്ച വൈകുന്നേരമുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഫസൽഹഖ് സംഭവസ്ഥലത്തും ഷഹിദുൾ ആശുപത്രിയിലുമാണ് മരിച്ചത്. ഇവർ എവിടെനിന്നാണ് ആക്രിസാധനങ്ങൾ ശേഖരിച്ചതെന്നറിയാൻ കൂടെയുള്ളവരെ ചോദ്യം ചെയ്തെങ്കിലും നിർമാണമേഖലയിൽ ജോലിയെടുക്കുന്ന ഇവർക്കും അതിനെക്കുറിച്ച് അറിവില്ലായിരുന്നു. കൊല്ലപ്പെട്ട ഷഹിദുളിന്റെ സഹോദരൻ ഷഫീഖുലും ഇവരോടൊപ്പം താമസിക്കുന്നുണ്ടായിരുന്നു. ഇയാൾ ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്താണ് സ്ഫോടനം നടന്നത്.
റോഡരികിൽനിന്ന് പ്ലാസ്റ്റിക് കുപ്പി ശേഖരിക്കുന്നതിനിടെ ലഭിച്ചതാകാം സ്റ്റീൽ ബോംബെന്നും തിളക്കവും ഭാരവുമുള്ള സാധനം നിധിയാണെന്നു കരുതിയാകാം വീട്ടിലേക്ക് കൊണ്ടുവന്നതെന്നുമാണ് പോലീസ് സംശയിക്കുന്നത്.
വൈകുന്നേരം ആറോടെ വീട്ടിലെത്തിയ ഇവർ കൂടെയുള്ളവർ കാണാതെ വീടിന്റെ രണ്ടാംനിലയിൽ വച്ചു പാത്രം തുറന്നപ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് നിഗമനം.
ഫസൽ ഹഖിന്റെ ശരീരത്തിലാകെ പരിക്കുകളായിരുന്നു. ഷഹിദുളിന്റെ വലത് കൈപ്പത്തി ചിതറി തെറിച്ചിരുന്നു. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്.
ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് പരിസരവാസികളും പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
previous post