• Home
  • Eranakulam
  • ഇരകളാകുന്ന കുട്ടികൾക്ക്‌ ഇനി പിരിമുറുക്കമില്ലാതെ മൊഴി നൽകാം ; കേരളത്തിലെ ആദ്യ ശിശുസൗഹൃദ പോക്‌സോ കോടതി എറണാകുളത്ത്‌.*
Eranakulam

ഇരകളാകുന്ന കുട്ടികൾക്ക്‌ ഇനി പിരിമുറുക്കമില്ലാതെ മൊഴി നൽകാം ; കേരളത്തിലെ ആദ്യ ശിശുസൗഹൃദ പോക്‌സോ കോടതി എറണാകുളത്ത്‌.*

കൊച്ചി
ലൈംഗികാതിക്രമ കേസുകളിൽ ഇരകളാകുന്ന കുട്ടികൾക്ക്‌ ഇനി മാനസികപിരിമുറുക്കമില്ലാതെ മൊഴി കൊടുക്കാം. പ്രതികളെ നേരിട്ട്‌ കാണുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക കോടതിമുറിയിലിരുന്ന്‌ വീഡിയോ കോൺഫറൻസ് വഴിയാകും മൊഴി നൽകൽ. കുട്ടിയെ ജഡ്‌ജി ഉൾപ്പെടെയുള്ളവർ കാണുന്നതും വീഡിയോ കോൺഫറൻസിങ്ങിലൂടെയാകും. കുട്ടികളുടെ മാനസികസമ്മർദം കുറയ്‌ക്കാൻ കളിപ്പാട്ടങ്ങൾ ക്രമീകരിച്ചതും ചിത്രങ്ങളാൽ ചുവർ അലങ്കരിച്ചതുമാണ്‌ കോടതിമുറി.

എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌ട്‌ ആൻഡ്‌ സെഷൻസ് കോടതിയോട് ചേർന്ന് താഴത്തെ നിലയിൽ നവീകരിച്ച ശിശുസൗഹൃദ പോക്‌സോ കോടതി ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ കെ വിനോദചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്‌സോ കോടതി എറണാകുളത്ത് ഉദ്ഘാടനം ചെയ്തശേഷം 
ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ സൗകര്യങ്ങള്‍ വിലയിരുത്തുന്നു

കുട്ടികള്‍ക്കെതിരായ അതിക്രമത്തിനെതിരെ സമൂഹം ഉണരണമെന്ന്‌ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വനിതാ ശിശു വികസനമന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്‌സോ കോടതിയാണ് യാഥാർഥ്യമായത്.
പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ്‌ അധ്യക്ഷയായി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി കെ സോമൻ, വനിതാ ശിശുവികസനവകുപ്പ് ഡയറക്ടർ ജി പ്രിയങ്ക, ജില്ലാ ഗവ. പ്ലീഡർ മനോജ് ജി കൃഷ്ണൻ, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ് രാജ്, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ എസ് സിനി തുടങ്ങിയവർ പങ്കെടുത്തു.വനിതാ ശിശുവികസനവകുപ്പ് സംയോജിത ശിശുവികസന പദ്ധതിയിലൂടെ 69 ലക്ഷം രൂപ ചെലവഴിച്ചാണ് എറണാകുളം പോക്‌സോ കോടതി ശിശുസൗഹൃദമാക്കിയത്‌.

ശിശുസൗഹൃദ 
പോക്സോ കോടതി 
രാജ്യത്തിന് മാതൃക: 
മന്ത്രി വീണാ ജോര്‍ജ്
എറണാകുളം ശിശുസൗഹൃദ പോക്സോ കോടതി രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വീണാ ജോർജ്. ഇരകൾ പ്രതികളെ വീണ്ടും നേരിൽ കാണുന്ന അവസ്ഥ ഒഴിവാക്കുന്നതരത്തിലുള്ള ശിശുസൗഹൃദ മുറികൾ ഉൾപ്പെടുത്തിയാണ് കോടതി ഒരുക്കിയത്. പോക്സോ കോടതികൾ ശിശുസൗഹൃദമാകുന്നതിന്‌ രാജ്യത്തെ ഏറ്റവും നല്ല ഉദാഹരണമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആദ്യ ശിശുസൗഹൃദ പോക്സോ കോടതിയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.ലൈംഗികാതിക്രമങ്ങൾക്ക്‌ ഇരകളാകുന്ന കുട്ടികൾ വർഷങ്ങൾക്കുശേഷം നടക്കുന്ന വിചാരണവേളയിൽ വളരെ ബുദ്ധിമുട്ടേറിയ മാനസികാവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്. വീണ്ടും പ്രതികളെ കാണേണ്ടിവരുന്നത്‌ കുട്ടികളിൽ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വിവിധ കെയർ ഹോമുകളിൽ 18 വയസ്സുവരെ കഴിയുന്നവർ തിരിച്ച് കുടുംബങ്ങളിൽ എത്തുമ്പോൾ സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയാതെ വരുന്നുണ്ട്. പലതരത്തിലാണ് ഇത്തരം സാഹചര്യങ്ങളെ അവർ നേരിടുന്നത്. ഇതിനെല്ലാം പരിഹാരം എന്ന നിലയ്ക്കാണ്‌ കൂടുതൽ പോക്സോ കോടതികൾ സ്ഥാപിച്ച്‌ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് സർക്കാരും ജുഡീഷ്യറിയും ഇടപെടലുകൾ നടത്തുന്നത്‌. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സമൂഹത്തിൽ പൊതുബോധം ഉണരണമെന്നും മന്ത്രി പറഞ്ഞു.

Related posts

ഇടുക്കി ഡാം തുറന്നാലും ആശങ്ക വേണ്ട, വെള്ളം തുറന്നുവിടുക കുറഞ്ഞ അളവില്‍ മാത്രം.

Aswathi Kottiyoor

പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞു താഴ്ന്ന് 13 വയസ്സുകാരൻ മരിച്ചു; മുത്തച്ഛന് ഗുരുതര പരുക്ക്.

Aswathi Kottiyoor

തൃശൂരിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ –

Aswathi Kottiyoor
WordPress Image Lightbox