മഴക്കാലപൂർവ്വ ശുചീകരണത്തിന്റെയും പ്ലാസ്റ്റിക് മുക്ത കണ്ണൂർ കാമ്പയിനിന്റെയും ഭാഗമായി കലക്ടറേറ്റിലേയും പരിസരത്തേയും ശുചീകരണ പ്രവൃത്തിക്ക് തുടക്കമായി. കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷന്റെയും ക്ലീൻ കേരളയുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ, നിർമ്മാണ മാലിന്യങ്ങൾ, ചെളി കലർന്ന മാലിന്യങ്ങൾ തുടങ്ങിയവയാണ് ഇവിടെ നിന്നും നീക്കം ചെയ്യുന്നത്. ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ മലബാർ മെറ്റൽസും നിർമ്മൽ ഭാരത് ചാരിറ്റബിൾ ട്രസ്റ്റും ചേർന്നാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. കണ്ണൂർ കലക്ടറേറ്റിനെ മാലിന്യമുക്തമായ മാതൃകാപരമായ സ്ഥലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസം നീളുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ശുചീകരണത്തിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും ശുചിത്വ കമ്മിറ്റി രൂപീകരിക്കുകയും ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി ബയോബിൻ സ്ഥാപിക്കുകയും ചെയ്യും. എല്ലാ മാസവും കലക്ടറേറ്റ് ജീവനക്കാരുടെ നേതൃത്വത്തിൽ ഓരോ ഓഫീസിലെയും മാലിന്യങ്ങൾ വേർതിരിച്ച് മാലിന്യ സംസ്‌കരണ ഏജൻസിക്ക് കൈമാറും.
എഡിഎം കെ കെ ദിവാകരൻ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, ജില്ലാ റിസോഴ്സ് പേഴ്സൺ വി കെ അഭിജാത്, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്, ക്ലീൻ കേരള എഞ്ചിനീയർ നികുൽ മോഹൻ, മലബാർ മെറ്റൽസ് ഉടമ പി എ മുഹമ്മദ് ഹർഷാദ്, നിർമ്മൽ ഭാരത് ചാരിറ്റബിൾ ട്രസ്റ്റ് പാർട്നർ ഫഹദ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.