കണ്ണൂർ: നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാർ 4,01,50,000 രൂപയുടെ ഭരണാനുമതി നൽകി. കെ.വി. സുമേഷ് എംഎൽഎ യുടെ നേതൃത്വത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്തുമായി ചേർന്ന് കഴിഞ്ഞ മാസം വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് സമർപ്പിച്ചിരുന്നു.
പുഴയോരങ്ങളിൽ ഇരിപ്പിടങ്ങൾ, പാലത്തിന് ഇരുവശവും ചിത്രപ്പണികളോട് കൂടിയ വിളക്ക് കാലുകൾ, വാട്ടർ സ്പോർട്സ് ആക്റ്റിവിറ്റികൾ, പാർക്ക്, നടപ്പാതകൾ, സൈക്ലിംഗ് പാത, കഫ്റ്റേരിയ തുടങ്ങിയവ ഉൾപ്പെടെയുള്ള പുഴയോര ടൂറിസം പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും ദേശാടന പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യസമ്പത്താലും സമൃദ്ധമാണ് പുല്ലൂപ്പിക്കടവ്. കണ്ണാടിപ്പറമ്പിനെ കക്കാട്-കണ്ണൂർ ടൗണുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലവും അനുബന്ധ റോഡിലുമൊക്കെയായി പ്രഭാത സവാരിക്കും കാഴ്ചകൾ കാണാനും നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്.