കണ്ണൂർ വിമാനത്താവള നഗരമായ മട്ടന്നൂരിലും ഇ-വാഹന ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചു. വായാന്തോടും പാലോട്ടുപള്ളിയിലുമാണ് ചാർജിംഗ് സ്പോട്ടുകൾ സജ്ജമാക്കിയത്. ജില്ലയിൽ ആകെ 145 ഇടങ്ങളിലാണ് ഇ-വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. കെഎസ്ഇബി സ്ഥാപിക്കുന്ന ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നത് സ്വകാര്യ ഏജൻസികളാണ്. റോഡരികിൽ വാഹനം നിർത്തിയിട്ടുകൊണ്ട് ചാർജ് ചെയ്യാവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
മൊബൈൽ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്താണ് തുക അടയ്ക്കേണ്ടത്. പ്രീപെയ്ഡ് സംവിധാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. മട്ടന്നൂരിൽ ഇലക്ട്രിക് സ്കൂട്ടറുകളും ഓട്ടോറിക്ഷകളുമാണ് കൂടുതലായും ഓടുന്നത്. വിമാനത്താവളം കേന്ദ്രീകരിച്ച് ഇ- കാറുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്. വൈദ്യുതി യൂണിറ്റിന് 9.30 രൂപയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. സ്കൂട്ടറും ബൈക്കും പൂർണമായി ചാർജാകാൻ രണ്ടു മുതൽ നാലു യൂണിറ്റ് വൈദ്യുതിയും, ഓട്ടോറിക്ഷകൾക്ക് നാലു മുതൽ ഏഴു യൂണിറ്റ് വരെ വൈദ്യുതിയും വേണ്ടിവരും.
മട്ടന്നൂർ മണ്ഡലത്തിൽ അഞ്ചിടത്ത് ഇ-വാഹന ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. മട്ടന്നൂർ, പടിയൂർ, കണ്ണവം, ശിവപുരം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. നിലവിൽ സ്ഥാപിച്ചിട്ടുള്ള ചാർജിംഗ് സ്പോട്ടുകളെക്കാൾ വേഗത്തിൽ ചാർജ് ചെയ്യാൻ ഈ കേന്ദ്രങ്ങളിൽ സാധിക്കും. പെട്രോൾ-ഡീസൽ വില പ്രതിദിനം കുതിച്ചുകയറുന്ന സാഹചര്യത്തിൽ കൂടുതൽ പേർ ഇ-വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കീഴല്ലൂർ പഞ്ചായത്തിൽ ഇ-സ്കൂട്ടർ നിർമാണ യൂണിറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു.
previous post