ആറളം വില്ലേജിൽ ഭൂമിയുടെ ന്യായവില നിർണയത്തിൽ ഉണ്ടായ അപാകത പരിഹരിക്കാത്തത് വ്യാപക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പരാതി. നിലവിൽ ഭൂമിക്കു ലഭിക്കുന്നതിന്റെ അഞ്ച് ഇരട്ടിയിലധികം വില രേഖപ്പെടുത്തി ഭൂമിയുടെ ക്രയവിക്രയം നടത്തേണ്ട ഗതികേടിലാണു പ്രദേശവാസികൾ. ഇതേ തുടർന്ന് ഈ മേഖലയിൽ ഭൂമിയുടെ കൈമാറ്റവും കച്ചവടവും നിലച്ച നിലയിലാണ്.
ആറളം പഞ്ചായത്തിൽ റീസർവേ രണ്ട്/ഒന്ന്, 279, 304 എന്നീ നമ്പറുകളിലായി കാരാപറമ്പ്, എടൂർ, മരുതാവ്, നെടുമുണ്ട, വളയംകോട്, ഉരുപ്പുംകുണ്ട്, ഒടാക്കൽ, പാച്ചാനി, വെളിമാനം പള്ളി ഭാഗം, കരടിമല, കീഴ്പള്ളി എന്നീ പ്രദേശങ്ങളിലായി 5000 ലധികം ഏക്കർ സ്ഥലത്തിന്റെ ന്യായവില നിർണയിച്ചതിലാണ് അപാകത.
ഭൂമിയുടെ കിടപ്പും തരവും നോക്കാതെ നഗരപ്രദേശങ്ങളി ലുള്ളതിനു സമാനമായ വില നിശ്ചയിച്ചെന്നാണ് പരാതിയുള്ളത്. പഞ്ചായത്തിൽ കുന്നിൻപ്രദേശങ്ങളിൽപ്പെട്ട കരടിമലയിൽ ഏഴുലക്ഷം മുതൽ 15 ലക്ഷം രൂപവരെ ഏക്കറിനു വില നൽകിയാൽ ഭൂമി കിട്ടും. ഇവിടെ സർക്കാർ നിശ്ചയിച്ച ന്യായവില ഏക്കറിനു 35.628 ലക്ഷം രൂപയാണ്. രജിസ്ട്രേഷൻ ചെലവ് മാത്രം 3.5 ലക്ഷത്തിനു മുകളിൽ വരും.
ആറളത്ത് പരാതി ഉയർന്ന കേന്ദ്രങ്ങളിൽ കുന്നിൻ പ്രദേശങ്ങളും ചതുപ്പുകളും പാറക്കെട്ടുകളും കൃഷിയോഗ്യമല്ലാത്ത പ്രദേശങ്ങളും ഉണ്ട്. ഇവയെ തരംതിരിക്കാത്ത ഒറ്റപ്പട്ടികയായി ന്യായവിലയും തീരുമാനിച്ചതും ദ്രോഹമായി. മലയോരത്തിന്റെ കാർഷിക പ്രദേശങ്ങളിലെക്കെല്ലാം എട്ട് അടി മൺ റോഡെങ്കിലും കാണും. ഇതിനാകട്ടെ ദേശീയ-സംസ്ഥന പാതകളിലെ റോഡിനു തുല്യമായ ന്യായവിലയാണു നിശ്ചയിച്ചിട്ടുള്ളത്.
ആറളം പഞ്ചായത്തിന്റെ നാലിലൊന്ന് ഭൂമിയിൽ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കാനായുള്ള മുറവിളിക്കിടെ ഇക്കുറി ന്യായവില വർധിച്ചപ്പോഴും പഴയ പരാതി പരിഹരിച്ചില്ല. മലയോര ഹൈവേയോടു ചേർന്നു ആറളം പെട്രോൾ പമ്പിനു സമീപം റീസർവേ 127 ൽ പെട്ട നിശ്ചിത സ്ഥലത്തെ ന്യായവില സെന്റിനു 3618 രൂപയാണ്. 2.5 കിലോമീറ്റർ മാറിയുള്ള ഉൾപ്രദേശത്തെ ഭൂമി മുതൽ ഉയർന്ന കുന്നിൻ പ്രദേശം വരെ സെന്റിനു 35628 രൂപയാണ്.
2010 ൽ ഭൂമിക്കു വില നിർണയം നടത്തിയപ്പോൾ അന്നു ഉത്തരവാദപ്പെട്ടവർ സ്ഥലം സന്ദർശിക്കുകയോ, പ്രത്യേകതകൾ മനസിലാക്കുകയോ ചെയ്യാതെ ഓഫിസിൽ ഇരുന്നു വില നിശ്ചയിച്ചതാണു ഈ പൊരുത്തക്കേടുകൾക്കും തെറ്റുകൾക്കും കാരണമെന്നാണ് ആക്ഷേപം.
റീസർവേ രണ്ട്/ഒന്നിൽ സെന്റിനു 35628 രൂപ വില ഉള്ളപ്പോൾ 32/1, 32/2, 32/3, 32/4, 36, 37 സർവേ നമ്പറുകളിൽ ഹൈവേ റോഡിലുള്ള സ്ഥലത്തിന്റെ വില വെറും 11758 രൂപയാണ്. ഏച്ചില്ലത്ത് റീസർവേ ഒൻപതിന്റെ ന്യായ വില 8908 രൂപയെ ഉള്ളൂ. ഒരുമിച്ചു ചേർന്നു കിടക്കുന്ന ഭൂമിയിൽ സെന്റിന് 23870 രൂപ മുതൽ 26720 രൂപ വരെയാണു ന്യായ വിലയിലെ വിത്യാസം. പരാതി ഉയർന്ന സർവേ നമ്പറുകളിൽ വീണ്ടും ന്യായ വില നിർണയം നടത്തണമെന്നാണു ആവശ്യം. കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്ക് വികസന സമിതിയിലും ഈ പ്രശ്നം ചർച്ചയായിരുന്നു.