കണ്ണൂർ: വ്യത്യസ്ത വിലയിലും ബ്രാൻഡുകളിലുമായി സിന്തറ്റിക്ക് സാനിറ്ററി നാപ്കിനുകൾ വിപണി കീഴടക്കുമ്പോൾ ഇവയോട് വിട പറയാനുള്ള ഒരുക്കത്തിലാണ് പടിയൂർ -കല്യാട് ഗ്രാമപഞ്ചായത്ത്.
ബദൽ ഉത്പന്നങ്ങളായ ക്ലോത്ത് പാഡ്, മെൻസ്ട്രൽ കപ്പ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചാണ് പടിയൂർ -കല്യാട് സിന്തറ്റിക്ക് നാപ്കിൻ മുക്ത പഞ്ചായത്താകാൻ ഒരുങ്ങുന്നത്.
ആദ്യഘട്ടമായി കുടുംബശ്രീ, ഹരിത കർമ സേന, സന്നദ്ധ സംഘടനാ പ്രവർത്തകർ, മഹിളാ സംഘടനാ പ്രവർത്തകർ, എന്നിവരുടെ നേതൃത്വത്തിലുള്ള വോളണ്ടിയർമാർ വീടുകളിലെത്തി ബോധവത്കരണം നടത്തും.
150 വ്യത്യസ്ത മേഖലകളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് ഏകദിന പരിശീലന പരിപാടിയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. പ്രചാരണ പ്രവർത്തനങ്ങൾക്കായി നാലു ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കി വച്ചിട്ടുള്ളത്.പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പടിയൂർ -കല്യാട് വനിത ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്ലോത്ത് പാഡുകൾ നിർമിക്കാനാണ് ആലോചന.