25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ന​ഗരത്തില്‍ ലഹരി മാഫിയ; നടപടി കടുപ്പിച്ച് പൊലീസ്
kannur

ന​ഗരത്തില്‍ ലഹരി മാഫിയ; നടപടി കടുപ്പിച്ച് പൊലീസ്

ന​ഗരത്തിലും പരിസരപ്രദേശങ്ങളിലും ലഹരിമാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിൽ നടപടി കടുപ്പിച്ച് കണ്ണൂർ സിറ്റി പൊലീസ്. രാത്രികാല വാഹന പരിശോധനകൾക്ക് അയവുവന്നത് മുതലെടുത്താണ് ന​ഗരത്തിൽ ലഹരി ഉപയോ​ഗവും വിൽപ്പനയും വർധിച്ചത്. യുവാക്കളാണ് കൂടുതലും ഇത്തരം കേസുകളിൽ പിടിയിലാകുന്നത്. യുവാക്കൾക്കിടയിൽ ലഹരി ഉപയോ​ഗം കൂടിയത് കുറ്റകൃത്യങ്ങൾ വർധിക്കാനും കാരണമാകുന്നുണ്ടെന്നാണ്‌ പൊലീസ്‌ വിലയിരുത്തൽ.
ആയിക്കരയിൽ സൂഫി മക്കാൻ ഹോട്ടൽ ഉടമയുടെ കൊലപാതകം ലഹരിയിൽ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ്. ബർണശേരി, ആയിക്കര, സിറ്റി, തയ്യിൽ, പള്ളിയാംമൂല, പുല്ലൂപ്പി ഭാ​ഗങ്ങളിലും പയ്യാമ്പലം തീരപ്രദേശത്തും ലഹരി ഉപയോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്‌. മുൻകാലങ്ങളെ അപേക്ഷിച്ച് കഞ്ചാവ്‌ ഉപയോ​ഗത്തിൽ കുറവ് വന്നിട്ടുണ്ട്. മാരക മയക്കുമരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുടെ ഉപയോ​ഗമാണ്‌ പകരം വ്യാപകമായത്‌.
ചെറിയ അളവിൽ ഉപയോ​ഗിച്ചാൽതന്നെ കൂടുതൽ നേരം ലഹരി നിലനിൽക്കുമെന്നതാണ് പുതുതലമുറ മയക്കുമരുന്നിന് പ്രിയം വർധിക്കാൻ കാരണം. ന​ഗരത്തിലെ ചില ഹോട്ടലുകളും ലോഡ്ജുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഇവയുടെ ഉപയോ​ഗവും വിൽപ്പനയുണ്ട്. ഇവിടങ്ങൾ പൊലീസ്‌ നിരീക്ഷണത്തിലാണ്‌. കണ്ണൂർ ടൗൺ സ്റ്റേഷനിൽമാത്രം പുതുവർഷത്തിൽ നിരവധി മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നഗരപരിധിയിൽ ലഹരി ഉപയോ​ഗം വർധിച്ച പശ്ചാത്തലത്തിൽ എക്സൈസും പൊലീസും സംയുക്തമായി പരിശോധനകൾ നടത്തുന്നുണ്ട്. ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും രാത്രികാല വാഹന പരിശോധനകളും പട്രോളിങ്ങും ശക്തമാക്കുമെന്നും കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.

Related posts

ജില്ലയിലെ രണ്ട്‌ പൊലീസുദ്യോഗസ്ഥർക്ക്‌ സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ.

Aswathi Kottiyoor

ആറളം ഫാമിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളും മരണങ്ങളും ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്

Aswathi Kottiyoor

കൃ​ഷി വ​കു​പ്പി​ന്‍റെ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണി​ തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox