കണ്ണൂര്‍: കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടത് മുന്നേറ്റം. 62 പഞ്ചായത്തുകളിലും ഒമ്പത് നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലും ഇടത് പാനൽ വിജയിച്ചു. എട്ട് സിഡിഎസുകളിൽ യുഡിഎഫ് വിജയിച്ചു. വോട്ടെടുപ്പില്‍ തുല്യമായി നിന്ന ഏരുവേശിയിൽ നറുക്കെടുപ്പിലൂടെ യുഡിഎഫ് വിജയിയായി. കുടുംബശ്രീയെ തകര്‍ക്കാനുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെയുള്ള മുന്നേറ്റമാണ് ജില്ലയിലെ കുടുംബശ്രീ തെരഞ്ഞെടുപ്പ് വിജയം തെളിയിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പറഞ്ഞു.
കണ്ണൂർ കോർപറേഷനിൽ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള യുഡിഎഫിന്റെയും മേയറുടെയും ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മേയറും യുഡിഎഫ് കൗണ്‍സിലര്‍മാരും പോളിംഗ് സ്റ്റേഷന് സമീപം തമ്പടിച്ചാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. വോട്ട് ചെയ്യാനെത്തിയ നീര്ച്ചാല് ഡിവിഷനിലെ എം. ഷീജയെ ആക്രമിക്കുകയും മെബൈല്‍ഫോണ്‍ എറിഞ്ഞുടക്കുകയും ചെയ്തു. പരിക്കേറ്റ ഷീജ ആശുപത്രിയില്‍ ചികിത്സ തേടി.
കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തശേഷമാണ് തെരഞ്ഞെടുപ്പ് തടസപ്പെടുത്താനുള്ള നീക്കത്തിനിറങ്ങിയത്.
തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിനകത്ത് കൗണ്‍സിലര്‍മാര്‍ക്ക് പ്രവേശനമില്ലെങ്കിലും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിടെ അതിക്രമിച്ച് കയറുകയായിരുന്നു. ഒരു എല്‍ഡിഎഫ് കൗണ്‍സിലറും തെരഞ്ഞെടുപ്പ് ഹാളിലേക്ക് പോയിട്ടില്ല.-ജയരാജൻ പറഞ്ഞു.