• Home
  • Punaloor
  • ഒമിക്രോണ്‍ വഴിത്തിരിവായി’; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ.
Punaloor

ഒമിക്രോണ്‍ വഴിത്തിരിവായി’; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ.


ലണ്ടന്‍: ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും യൂറോപ്പില്‍ കോവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഓ). ആദ്യമായിട്ടാണ് ഡബ്ല്യൂ.എച്ച്.ഓ ഇത്തരമൊരു സൂചന നല്‍കുന്നത്. ‘ ഈ പ്രദേശം മഹാമാരിയുടെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്’ ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മഹാമാരി ഒമിക്രോണിനൊപ്പം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചുകഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കോവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോവിഡ് തിരിച്ചുവരണമെന്ന് ഇല്ലെന്നും ക്ലൂഗെ പറഞ്ഞു.സമാനമായ ശുഭാപ്തി വിശ്വാസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവും യുഎസിലെ പ്രമുഖ ശാസ്ത്രജ്ഞനുമായ ആന്റണി ഫൗസിയും ഞായറാഴ്ച പ്രകടിപ്പിക്കുകയുണ്ടായി. ‘ഈ ആഴ്ച അമേരിക്കയുടെ ചില ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നതിനാല്‍ കാര്യങ്ങള്‍ നന്നായി കാണപ്പെടുന്നു’ – ഫൗസി എബിസി ന്യൂസിനോട് പറയുകയുണ്ടായി.

യുഎസിന്റെ വടക്കുകിഴക്ക് പോലുള്ള പ്രദേശങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ സമീപകാലത്ത് കാണുന്നത് പോലുള്ള ഇടിവ് തുടരുകയാണെങ്കില്‍, നമുക്ക് രാജ്യത്തുടനീളം ഒരു വഴിത്തിരിവ് കാണാന്‍ തുടങ്ങുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമിക്രോണിന്റെ ആധിപത്യമുള്ള വൈറസിന്റെ നാലാം തരംഗം ഉച്ചാസ്ഥിയിലെത്തിയ ശേഷം ഇപ്പോള്‍ കേസുകളും മരണങ്ങളും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ റീജിയണല്‍ ഓഫീസും കഴിഞ്ഞ ആഴ്ച വ്യക്തമാക്കുകയുണ്ടായിരുന്നു.

ഒമിക്രോണ്‍ വകകേഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയുള്ള പകര്‍ച്ചവ്യാധിയാണെന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും വാക്‌സിനെടുത്ത ആളുകളില്‍ പൊതുവെ തീവ്രമായ അണുബാധയ്ക്ക് കാരണമാകില്ലെന്നാണ് കണ്ടെത്തല്‍. കോവിഡ് മഹാമാരിയില്‍ നിന്ന് പനി പോലുള്ള കൈകാര്യം ചെയ്യാവുന്ന എന്‍ഡെമിക് രോഗത്തിലേക്ക് മാറാന്‍ തുടങ്ങുന്നു എന്നത് ദീര്‍ഘകാല പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്.

അതേ സമയം അന്തിമഘട്ടിത്തലാണെന്ന് പറയുമ്പോഴും ഈ മഹമാരി നമ്മെ പലതവണ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ എപ്പോഴും ജാഗ്രത തുടരേണ്ടതുണ്ടെന്നും ക്ലൂഗെ മുന്നറയിപ്പ് നല്‍കുന്നുണ്ട്.

Related posts

രേഖകളില്ലാതെ ട്രെയിനിൽ കൊണ്ട് വന്ന ഓന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി…..

Aswathi Kottiyoor
WordPress Image Lightbox