കണ്ണൂർ: ഈ വർഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള സമന്വയ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മത്സരപ്പരീക്ഷ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തൊഴിലില്ലായ്മ പരിഹരിക്കുക എന്ന വലിയ ലക്ഷ്യത്തിലാണ് സർക്കാർ. കെ -ഡിസ്കിലൂടെ എല്ലാ വിഭാഗക്കാർക്കും തൊഴിൽ സാധ്യത ഉറപ്പുവരുത്തും. ഇതിനായി പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. എല്ലാ വകുപ്പുകളും ഊന്നൽ നൽകുന്നതും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണെന്നും മന്ത്രി പറഞ്ഞു.
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് സമന്വയ. ഇതിന്റെ ഭാഗമായി ജില്ലയിലെ പട്ടികജാതി -പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള മൂന്നു മാസം നീണ്ട സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടികളാണ് നടപ്പാക്കുന്നത്. തളിപ്പറമ്പ്, തലശേരി, മട്ടന്നൂർ കേന്ദ്രങ്ങളിലായി പരിശീലനം നടക്കും. തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സബ് കളക്ടർ അനുകുമാരി അധ്യക്ഷത വഹിച്ചു.