കണ്ണൂർ: ഉത്തര മലബാറിലെ ടൂറിസം മേഖലയെ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ളവരെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ടൂർ ഓപ്പറേറ്റർമാരെയും ട്രാവൽ ഏജന്റുമാരെയും പങ്കെടുപ്പിച്ച് “മിസ്റ്റിക്കൽ മലബാർ’ എന്നപേരിൽ ഫാം ടൂർ സംഘടിപ്പിക്കുന്നു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കേരള ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരള ടൂറിസം ഫാം 2 മലബാർ 500 എന്നപേരിൽ ട്രാവൽ ഏജന്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റർമാരെ കൊണ്ടുവരുന്നതിന്റെ ആദ്യപടിയായാണ് ഫാം ടൂർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നുമുതൽ ടൂർ ഓപ്പറേറ്റർമാരെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ കൊണ്ടുപോയി പരിചയപ്പെടുത്തുകയും തനത് കലാരൂപങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ മുംബൈ, പൂനെ, കോലാപുര്‍, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായി 70 ഓളം ഓപ്പറേറ്റര്‍മാരാണ് എത്തുന്നത്. വ്യാഴാഴ്ച വരെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തും.
അവര്‍ക്കായി പൂരക്കളി, കോല്‍കളി തുടങ്ങിയ സാംസ്കാരിക വിരുന്നും ഒരുക്കുന്നുണ്ട്. ഇന്നു രാവിലെ ഒമ്പതിന് ചേംബർഹാളിൽ നടക്കുന്ന ചടങ്ങ് ടൂറിസം വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ.വി.വേണു ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഡോ.ജോസഫ് ബെനവൻ, ടി.കെ.രമേഷ് കുമാർ, കെ.ഹനീഷ് വാണിയങ്കണ്ടി, സി.അനിൽകുമാർ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ടൂറിസ്റ്റ് കാരവന്
പ്രദര്‍ശനം ഇന്ന്
കണ്ണൂര്‍: സംസ്ഥാന ടൂറിസം വകുപ്പിന്റെ നൂതനപദ്ധതിയായ കാരവന് കേരളയുടെ ഭാഗമായി ഇന്ന് കാരവനുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പ്രമുഖ വാഹന നിര്‍മാതാക്കളായ ബെന്‍സ്, ഫോഴ്സ്, ഇസൂസു എന്നിവ പുറത്തിറക്കിയ കാരവനുകളാണ് പുതിയതെരുവിലെ ഹോട്ടല്‍ മാഗ്നറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെയാണ് പ്രദര്‍ശനം. കാരവന് ടൂറിസത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന മലബാര്‍ മേഖലയിലെ സംരംഭകര്‍ക്ക് കാരവന് കമ്പനി പ്രതിനിധികളുമായി സംവദിക്കാനും അവസരമുണ്ട്.
പൊതുജനങ്ങളെയും മാധ്യമങ്ങളെയും ബിസിനസ് സമൂഹത്തെയും കാരവനുകള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഫെമിലിയറൈസേഷന്‍ അഥവാ ഫാം ടൂറിന്റെ ഭാഗമായി എത്തുന്ന 70 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിവിധ കമ്പനികളുടെ കാരവനുകളും ക്യാന്പിംഗ് ട്രക്കുകളും കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്.