കണ്ണൂർ: കണ്ണൂർ നഗരത്തിൽ വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുറച്ച് ദിവസങ്ങളായി ഇയാൾ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അബ്ദുൾ റസാഖിന്റെ ശരീരത്തിൽ മർദനമേറ്റിട്ടില്ലെന്നും ഡോക്ടർ പോലീസിനോട് പറഞ്ഞു.എന്നാൽ ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതുകാരണം ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മക്കാനിക്ക് സമീപം താമസിക്കുന്ന അബ്ദുൾ റസാഖി(65)നെ വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളും കൊച്ചുമകനും വീട്ടിൽ ഉണ്ടായിട്ടും വയോധികൻ മരിച്ചത് അറിയാത്തതാണ് പോലീസിന് ആശങ്കയിലാക്കിയത്. മകളുടെ മൊഴിയെടുത്തെങ്കിലും തിങ്കളാഴ്ച റസാഖിനെ കണ്ടുവെന്ന് പറയുന്നതിലും ദുരൂഹതയേറുന്നത്. ഭാര്യയേയും മകളെയും ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.