കണ്ണൂർ: ഹാപ്പിനെസ് ഇൻഡക്സിൽ കേരളത്തെ ലോക നിലവാരത്തിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. പറശിനിക്കടവ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആളോഹരി വരുമാനത്തിൽ പിന്നിലാണെങ്കിലും പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തിയ നാടാണ് കേരളം. ഗുണമേന്മയുള്ള ജീവിതം നയിക്കുന്നവരാണ് കേരളീയർ. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളിലും ജീവിത നിലവാരത്തിലും ഇവിടുത്തെ ജനങ്ങൾ ഏറെ മുന്നിലാണ്.
അതുകൊണ്ട് തന്നെ ഹാപ്പിനസ് ഇൻഡക്സിൽ ലോകരാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളവും ഉയരണമെന്ന് മന്ത്രി പറഞ്ഞു.എന്‍എച്ച്എം,ആര്‍ഒപി ഫണ്ട് ഉപയോഗിച്ച് പത്തായിരം ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
2.5 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറുവരെ ഒപി സൗകര്യം, സ്പെഷ്യാലിറ്റി ക്ലിനിക്കായ ശ്വാസ്, ആശ്വാസ്, ജീവിതശൈലി, വയോജന, കൗമാര ക്ലിനിക് എന്നിവയുമുണ്ട്. ലബോറട്ടറി സേവനങ്ങളും, കൗൺസലിങ്ങും പ്രീ ചെക്കപ് സൗകര്യങ്ങളും ലഭിക്കും. ആന്തൂർ നഗരസഭ അധ്യക്ഷൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായി. നഗരസഭ ഉപാധ്യക്ഷ വി. സതീദേവി, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. പ്രേമരാജൻ, കെ പി മുഹമ്മദ് കുഞ്ഞി, എം ആമിന ടീച്ചർ, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഓമന മുരളീധരൻ, കൗൺസിലർ യു. രമ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കെ. നാരായണ നായ്ക്, ഡിപിഎം ഡോ. പി.കെ. അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ.വിധുൻ വിനോദ്, ആർദ്രം നോഡൽ ഓഫീസർ ഡോ.കെ.സി. സച്ചിൻ, നഗരസഭ സെക്രട്ടറി പി.എൻ. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.