തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ചുവരുകളില്‍ ശിശുദിനത്തിന്റെ ഭാഗമായി കുട്ടികള്‍ ചിത്രങ്ങള്‍ വരച്ച് ശിശു സൗഹൃദമാക്കി. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് തലശ്ശേരി ജോബിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും തലശ്ശേരി ബാര്‍ അസോസിയേഷനും സംയുക്തമായിട്ടാണ് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള കുട്ടികളുടെ ചിത്രരചന സംഘടിപ്പിച്ചത്.ഗവ ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ അഞ്ച് കുട്ടികളാണ് ചിത്രങ്ങള്‍ വരച്ച് ചുവരുകള്‍ മനോഹരമാക്കിയത്. ശിശു സംരക്ഷണ ഹോമിലെ കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ കൂടി ഭാഗമായാണ് ശിശുദിനത്തോടനുബന്ധിച്ച് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ചുവരുകളില്‍ വര്‍ണ്ണങ്ങള്‍ നിറച്ചത്.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി രാമു രമേഷ് ബാബു, ശിശു സംരക്ഷണ ഓഫീസര്‍ കെ വി രജിഷ, ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ ജഡ്ജ് സി ജി ഘോഷ, തലശ്ശേരി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്‍ ചാര്‍ജ് അഡ്വ സി കെ രാമചന്ദ്രന്‍, ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ടി കെ ഷൈമ, പോക്‌സോ കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ബീന കാളിയത്ത്, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അഡ്വ കെ രൂപേഷ്, ഇല്ല്യുസ്‌ട്രേറ്റര്‍ പ്രശാന്ത് മുരിങ്ങേരി എന്നിവര്‍ പങ്കെടുത്തു.