ഇരിട്ടി: മാക്കൂട്ടത്ത് കർണാടക കൈയേറിയ കേരളത്തിന്റെ ഭൂമി ഇനിയും തിരിച്ചുപിടിച്ചില്ല. ബാരാപോൾ പുഴയുടെ തീരത്തെ കേരളത്തിന്റെ അധീനതയിലുള്ള ഏക്കർകണക്കിനുള്ള ഭൂമിയാണ് കർണാടക ജണ്ട കെട്ടി കൈയേറി വർഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുപിടിക്കാത്തത്.
കേരള സംസ്ഥാനം രൂപീകൃതമായ നാൾമുതൽ മാക്കൂട്ടം വനാതിർത്തിയോടു ചേർന്ന ബാരാപ്പുഴയുടെ തീരത്ത് കേരളത്തിന്റെ അധീനതയിൽ ഏക്കർകണക്കിന് സ്ഥലമുണ്ട്. ഏഴു വർഷം മുന്പ് ബ്രഹ്മഗിരിവനത്തോട് ചേർന്നുകിടക്കുന്ന കേരളത്തിന്റെ അധീനതയിലുള്ള സ്ഥലം കൈക്കലാക്കാൻ കർണാടക വനംവകുപ്പ് ശ്രമം തുടങ്ങിയിരുന്നു. നിലവിൽ അതിർത്തിയിൽ സ്ഥാപിച്ച ജണ്ടയും കടന്ന് കേരളത്തിന്റെ അധീനതയിലുള്ള സ്ഥലത്തും ബാരാപ്പുഴയിൽ ഉൾപ്പെടെയും ജണ്ട സ്ഥാപിച്ചിരുന്നു. അയ്യൻകുന്ന് വില്ലേജിന്റെ അധീനതയിലുള്ള ഏക്കർകണക്കിന് സ്ഥലം കൈയേറിയതായി അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള റവന്യൂസംഘം സ്ഥലത്തെത്തി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കർണാടക വനംവകുപ്പ് കൈയേറിയ കേരളത്തിന്റെ അധീനതയിലുള്ള സ്ഥലം തിരിച്ചുപിടിക്കാൻ മാറിമാറി വന്ന സർക്കാരുകൾ തയാറായില്ല. ഇതോടെ പായം പഞ്ചായത്തിന്റെ പരിധിയിൽ പുഴയോരത്തുള്ള താമസക്കാർക്കുൾപ്പെടെ കുടിയിറക്ക് ഭീഷണി നേരിടേണ്ടിവന്നു.
ഇപ്പോഴും അതിർത്തിയോട് ചേർന്നുകിടക്കുന്ന മാക്കൂട്ടത്തെ കുടുംബങ്ങൾക്ക് കർണാടക വനംവകുപ്പിന്റെ കുടിയിറക്ക് ഭീഷണി നിലനിൽക്കുന്നുണ്ട്. കർണാടകയുടെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്തിനിപ്പുറം കർണാടക പുതിയ ആർടിപിസി ആർ പരിശോധനാകേന്ദ്രം തുടങ്ങി. പിന്നീടത് വീണ്ടും കേരളത്തോടു ചേർന്ന് സ്ഥിരം സംവിധാനമായി മാറ്റി.
ഇപ്പോൾ ഇതിന് തൊട്ടടുത്ത് കച്ചവടം നടത്തുന്ന മലയാളികളോട് ഒഴിഞ്ഞുപോകാൻ കർണാടക ആവശ്യപ്പെട്ടുകഴിഞ്ഞു. അങ്ങനെ ഘട്ടംഘട്ടമായി പുഴയും പുഴയ്ക്കപ്പുറമുള്ള കേരളത്തിന്റെ ഭൂമിയും കർണാടകയുടെ അധീനതയിലാകും. നേരത്തെതന്നെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് സമീപത്തായും കർണാടക വനംവകുപ്പ് ഇതേ രീതിയിലുള്ള കൈയേറ്റം തുടർന്നിരുന്നു. പദ്ധതിക്കുൾപ്പെടെ ഭീഷണിയാകുന്ന വിധത്തിലാണ് അവരുടെ കൈയേറ്റം. ഇതിനിടയിൽ തന്നെ കൂട്ടുപുഴ പാലം നിർമാണത്തിന്റെ ഭാഗമായി വലിയ തടസവാദം ഉന്നയിച്ച സാഹചര്യവും ഉണ്ടായിരുന്നു.