• Home
  • Kerala
  • ജാഗ്രത തുടരാം; കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്തമായി -മുഖ്യമന്ത്രി
Kerala

ജാഗ്രത തുടരാം; കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്തമായി -മുഖ്യമന്ത്രി

വിദ്യാലയങ്ങൾ തുറന്നാലും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ സംസ്ഥാനത്ത് കോവിഡ് പുതിയ കേസുകളുടേയും ചികിത്സയിൽ ഉള്ള രോഗികളുടേയും എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. അധ്യയനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിൻ്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്ഥിതി മാറുകയാണ്.

18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ട്. പുതിയ കേസുകളുടേയും ചികിത്സയിൽ ഉള്ള രോഗികളുടേയും എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.

സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവപ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ ഒരുപോലെ അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കേണ്ടതുണ്ട്. പ്രധാന നിർദ്ദേശങ്ങൾ വിദ്യാലയങ്ങളിലേയ്ക്കും അവിടെ നിന്നും രക്ഷിതാക്കളിലേയ്ക്കും കൈമാറിയിട്ടുണ്ട്.

സ്കൂളുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കുട്ടികൾക്കിടയിൽ സാമൂഹിക അകലം പരമാവധി പാലിക്കപ്പെടുന്നതിനും ക്ലാസ് റൂമുകളിലേയും പരിസരങ്ങളിലേയും ശുചിത്വം ഉറപ്പു വരുത്തുന്നതിനും അവശ്യമായ നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾ നടപ്പാക്കും. ഓരോ വിദ്യാലയവും ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവർത്തിച്ചുകൊണ്ട് സുരക്ഷാവലയം തീർക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളും. ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തിരുത്തി ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജമാണ്.

കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്നും നമ്മുടെ നാട് ഉണരുകയാണ്. കൂടുതൽ കരുതലോടെയും അതിലേറെ ആവേശത്തോടെയും നാടിൻ്റെ പുരോഗതിയ്ക്കായി നമുക്കൊരുമിച്ചു നിൽക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആ ദിശയിലെ പ്രധാന ചുവടു വയ്പാണ്. അതേറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിനായി സമൂഹമൊന്നാകെ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

Related posts

കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരം: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

Aswathi Kottiyoor

സ്‌കൂളുകളിലെ ബാലസൗഹൃദ ചിത്രങ്ങൾ നശിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

Aswathi Kottiyoor

ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox