കണ്ണൂർ: വാതില്‍പ്പടി സേവനം പദ്ധതിക്ക് കണ്ണൂർ ജില്ലയില്‍ തദ്ദേശസ്ഥാപന വാര്‍ഡ് തലത്തില്‍ ഒരു ഗുണഭോക്താവിന് നേരിട്ട് സേവനം ലഭ്യമാക്കി തുടക്കമാകും. വാതില്‍പ്പടി സേവനം ജില്ലാതല സമിതി ചെയര്‍പേഴ്സൺകൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
നേരിട്ട് ഓഫീസുകളില്‍ പോയി സര്‍ക്കാര്‍ സേവനങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത അശരണര്‍, അവശത അനുഭവിക്കുന്നവര്‍, കിടപ്പിലായവര്‍ എന്നിവര്‍ക്ക് വീടുകളില്‍ സേവനമെത്തിച്ചു നല്‍കുന്നതാണ് വാതില്‍പ്പടി സേവനം. പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങിയര്‍ക്ക് പദ്ധതി ഏറെ ആശ്വാസമാകും. തുടക്കത്തില്‍ അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട്, ചിറക്കല്‍, നാറാത്ത്, പാപ്പിനിശേരി, വളപട്ടണം പഞ്ചായത്തുകളിലും കോര്പറേഷന് ഡിവിഷനുകളിലുമാണ് നടപ്പാക്കുന്നത്.
അഞ്ചു സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നതി
നുള്ള മാസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം, സാമൂഹിക സുരക്ഷാ പെന്ഷന് എന്നിവയ്ക്കുള്ള അപേക്ഷ തയാറാക്കല്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്കല് തുടങ്ങിയ സേവനങ്ങളാണിത്. സംസ്ഥാനം, ജില്ല, തദ്ദേശം, വാര്‍ഡു തലങ്ങളില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനം നിയന്ത്രിക്കും.
സന്നദ്ധസേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വോളണ്ടിയര്‍മാരെയാണ് സേവനം ലഭ്യമാക്കാന്‍ നിയോഗിച്ചത്. ഇവര്‍ക്കു വേണ്ട പരിശീലനം കിലയുടെ നേതൃത്വത്തിലാണ് നല്‍കുന്നത്.
യോഗത്തില്‍ എംഎല്‍എമാരായ കെ.വി. സുമേഷ്, കടന്നപ്പള്ളി രാമചന്ദ്രന്, മേയര്‍ ടി.ഒ. മോഹനന്, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡിഡിപി ടി.ജെ .അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.