കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻ ഇന്ന് മുൻ എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുക. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അധ്യക്ഷത വഹിക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി നാടമുറിക്കൽ ചടങ്ങ് നിർവഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഭദ്രദീപം തെളിക്കും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എൻ. രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയവും കെ. മുരളീധരൻ എംപി കെ.കരുണാകരൻ സ്മാരക ഹാളും ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഗാന്ധി പ്രതിമ അനാച്ഛാദനം നിർവഹിക്കും.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സുരേന്ദ്രൻ സ്മാരക റീഡിംഗ് റൂമും പി.ടി. തോമസ് എംഎൽഎ സാമുവൽ ആറോൺ സ്മാരക പൊളിറ്റിക്കൽ റഫറൻസ് ലൈബ്രറിയും ഉദ്ഘാടനം ചെയ്യും.
എം.കെ. രാഘവൻ എംപി, രാജ് മോഹൻ ഉണ്ണിത്താൻ എംപി, ടി. സിദ്ദീഖ് എംഎൽഎ, എഐസിസി സെക്രട്ടറി പി.വി. മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി,ര മേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ഓൺലൈനായി ചടങ്ങിൽ സംബന്ധിക്കും. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി സ്വാഗതമാശംസിക്കും. കോൺഗ്രസ് ഭവന്റെ ഒന്നാം നിലയിലുള്ള എൻ. രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുകയെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലയിലെ മുതിർന്ന പ്രധാന പാർട്ടി ഭാരവാഹികൾ മാത്രമാണു പങ്കെടുക്കുന്നത്. പ്രത്യേക പാസ് മുഖേന പങ്കാളിത്തം ക്രമീകരിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരെ പങ്കെടുപ്പിച്ചു നടത്താൻ ആഗ്രഹിച്ച ചടങ്ങ് കോവിഡ് പ്രതിസന്ധി മൂലമാണ് നിയന്ത്രണങ്ങൾ ക്രമീകരിച്ച് നടത്തുന്നത്. ജില്ലയിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളിലും തത്സമയം ഉദ്ഘാടന നടപടികൾ വീക്ഷിക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്
previous post