കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അഞ്ച് വെന്റിലേറ്റർ സ്ഥാപിക്കുന്നതിന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഫണ്ടിൽനിന്ന് 9,36,250 രൂപകൂടി അനുവദിക്കും. നേരത്തേ 45,50,000 രൂപ അനുവദിച്ചിരുന്നു. എൻഎച്ച്‌എം ഫണ്ടുപയോഗിച്ചു വാങ്ങിയ അതേ നിരക്കിൽ വെന്റിലേറ്റർ നേരിട്ടു വാങ്ങാനും ചൊവ്വാഴ്‌ച കാസർകോടു നടന്ന എംപി ഫണ്ട് പദ്ധതികളുടെ നിർവഹണ പുരോഗതി അവലോകനയോഗത്തിൽ തീരുമാനിച്ചു. അഞ്ചു വെന്റിലേറ്ററുകൾ വാങ്ങാൻ ഒരു വർഷം മുമ്പ് തീരുമാനിച്ചെങ്കിലും നിശ്‌ചിതനിരക്കിൽ അവ ലഭിക്കുന്നതിന് കാലതാമസം വന്നു. ഇതിനിടെയാണ് അൽപ്പംകൂടി ഉയർന്ന നിരക്കിൽ കൂടുതൽ സാങ്കേതികസംവിധാനങ്ങളുള്ള വെന്റിലേറ്ററുകൾ അതിഥി തൊഴിലാളികൾക്കായി എൻഎച്ച്‌എം ഫണ്ടുപയോഗിച്ച് വാങ്ങാനായത്. എംപി ഫണ്ടുപയോഗിച്ചും ഇതേ വെന്റിലേറ്റർ വാങ്ങാനാണ് തീരുമാനം.
എംപി ഫണ്ടുപയോഗിച്ച് ഗവ.മെഡിക്കൽ കോളേജിലേക്ക് 3,93,120 രൂപയുടെ ആറ് മൾട്ടി പാര മോണിറ്റർ, 39,936 രൂപയ്ക്ക് രണ്ട് ക്രാഷ് കാർട്ട് എന്നിവ വാങ്ങിയതായി കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) അറിയിച്ചു. കാസർകോട് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ജില്ലാ പ്ലാനിങ് ഓഫീസർ എ എസ് മായ, കണ്ണൂർ, കാസർകോട് ജില്ലകളിലെ നിർവഹണ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.