ഓണത്തിന്റെ പശ്ചാത്തലത്തിൽ അനുവദിച്ച ഇളവുകൾ കരുതലോടെ പ്രയോജനപ്പെടുത്തുന്നതിനു പകരം ആൾക്കൂട്ട സഞ്ചാരവും ഇടപഴകലും വർദ്ധിച്ചതിനാൽ കൊവിഡ് അതിവ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ സർക്കാർ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നു.അതേസമയം, മൂന്നാംതരംഗം ഒക്ടോബർ മുതൽ രാജ്യവ്യാപകമായി സംഭവിക്കുമെന്ന് കേന്ദ്ര ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിവ്യാപനം പരമാവധി ഒഴിവാക്കാൻ അടുത്ത നാലാഴ്ച അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. സ്ഥിതി വിലയിരുത്താനും മുന്നൊരുക്കങ്ങൾ നടത്താനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നു ചേരും. ഓണ അവധിക്കുശേഷം ഇന്നു മുതൽ സർക്കാർ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുമ്പോൾ പ്രത്യേക കരുതൽ വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.സ്ഥാപനങ്ങളിലും ഓഫീസുകളിലും വായുസഞ്ചാരം ഉറപ്പാക്കണം. മുതിർന്നവർക്കും കുട്ടികൾക്കും സംരക്ഷണം ഉറപ്പാക്കണം. ഒരാൾക്ക് രോഗം വന്നാൽ വീട്ടിലെ മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതിനാൽ ക്വാറന്റൈൻ നിർബന്ധമായും പാലിക്കണം. വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരായാലും അവരിലൂടെ ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് കണ്ടെത്തിയതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം.എല്ലാക്കാലത്തും അടച്ചിടാൻ സാദ്ധ്യമല്ലാത്തതിനാലാണ് ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാൻ ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതെന്ന് മന്ത്രി പറഞ്ഞു.ഒക്ടോബറോടെ മൂന്നാം തരംഗംഒക്ടോബറോടെ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നും നിലവിലെ ചികിത്സാ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും ദേശീയ ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.ജനിതക മാറ്റം വന്ന വൈറസുകൾ കൊവിഡ് ബാധിച്ചതുവഴിയും വാക്സിനേഷൻ സ്വീകരിച്ചതുവഴിയും ലഭിച്ച പ്രതിരോധശേഷിയെ മറികടക്കുന്നവയാണ്80 മുതൽ 90 ശതമാനംവരെ ജനങ്ങൾ പ്രതിരോധശേഷി ആർജ്ജിച്ചാലേ ഫലപ്രദമായി തടയാനാകൂ.ക്ലസ്റ്റർ വ്യാപനം ഉള്ള നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം സ്‌കൂളുകൾ അടച്ചിട്ട് ബാക്കിയുള്ളവ തുറക്കാം.സാമൂഹിക വ്യാപനവും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ സ്‌കൂളുകൾ അടച്ചു തന്നെയിടണം.