• Home
  • Kerala
  • ശനിയാഴ്ച മുതല്‍ 2000 രൂപയില്‍ കൂടുതലുള്ള യു.പി.ഐ ഇടപാടിന് ഫീസ്
Kerala

ശനിയാഴ്ച മുതല്‍ 2000 രൂപയില്‍ കൂടുതലുള്ള യു.പി.ഐ ഇടപാടിന് ഫീസ്

മുംബൈ: മുന്‍കൂട്ടി പണം ശേഖരിച്ചശേഷം ഇടപാടുകള്‍ നടത്തുന്ന പ്രീപെയ്ഡ് സംവിധാനങ്ങളെ (പി.പി.ഐ.) യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി. സി.ഐ.). ഇതനുസരിച്ച് ഇനിമുതല്‍ ഡിജിറ്റല്‍ വാലറ്റുകളും പ്രീപെയ്ഡ് കാര്‍ഡുകളും യു.പി.ഐ. ആപ്പുകളുമായി ബന്ധിപ്പിച്ച് ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് വ്യാപാരികള്‍ക്ക് പണം നല്‍കാനാകും.

ഇത്തരത്തില്‍ 2,000 രൂപയില്‍ക്കൂടുതലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഇന്റര്‍ചേഞ്ച് ഫീസായി 1.10 ശതമാനംവരുന്ന തുക ഈടാക്കാനും എന്‍.പി.സി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലാണ് ഇതു പ്രാബല്യത്തിലാകുക. ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് യു.പി.ഐ. വഴി നേരിട്ട് പണം കൈമാറുന്നത് തുടര്‍ന്നും സൗജന്യമായിരിക്കും.

ആരെയെല്ലാം ബാധിക്കും?

നിലവിലെ രീതിയില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ള യു.പി.ഐ. ഇടപാടില്‍ ഉപഭോക്താവിന് ഒരു പൈസപോലും കൂടുതല്‍ നല്‍കേണ്ടിവരില്ല. ഇത്തരം ഇടപാടുകള്‍ സൗജന്യമായി തുടരും. വ്യാപാരികളുമായി ബന്ധപ്പെട്ട് നടക്കുന്ന യു.പി. ഐ. ഇടപാടുകളില്‍ 99.9 ശതമാനവും ഇത്തരത്തിലുള്ളതാണ്.

പുതിയ സംവിധാനമായ ഡിജിറ്റല്‍ വാലറ്റില്‍നിന്നുള്ള 2,000 രൂപയില്‍ കൂടിയ ഇടപാടുകള്‍ക്കാണ് ഫീസുള്ളത്. ഇത് വ്യാപാരിയില്‍നിന്നാണ് ഈടാക്കുക. വാലറ്റില്‍ പണം നിറയ്ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് പണം നല്‍കണമെന്നതിനാല്‍ പി.പി. ഐ. സേവനദാതാക്കളെയും ഇതു ബാധിക്കാം.

എന്താണ് പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രുമെന്റ്സ് ?

ബാങ്ക് അക്കൗണ്ടിൽനിന്ന് നിശ്ചിത തുക മാറ്റിസൂക്ഷിക്കാൻകഴിയുന്ന മൊബൈൽ ആപ്പുകൾ, നിശ്ചിത തുക ചാർജുചെയ്ത് ഉപയോഗിക്കുന്ന മാഗ്നെറ്റിക് സ്ട്രിപ് കാർഡുകൾ (പ്രീപെയ്ഡ് കാർഡ്) തുടങ്ങിയവയാണ് പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രുമെന്റ്സ് (പി.പി.ഐ.) എന്നറിയപ്പെടുന്നത്.

ഇവയെ യു.പി.ഐ. പ്ലാറ്റ്ഫോമിലാക്കുന്നതിനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിൽനിന്ന് വ്യാപാരികൾക്ക് 2,000 രൂപയിൽക്കൂടുതൽ വരുന്ന തുക കൈമാറുമ്പോൾ, വ്യാപാരികൾ വാലറ്റ് ഇഷ്യു ചെയ്യുന്ന കമ്പനിക്ക് 1.10 ശതമാനം ഇന്റർചേഞ്ച് ഫീസ് നൽകണം.

ഈ വാലറ്റിലേക്ക് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കൈമാറുമ്പോൾ 0.15 ശതമാനം വരുന്ന തുക ഫീസായി വാലറ്റ് ഇഷ്യുചെയ്യുന്ന കമ്പനി ബാങ്കിനും നൽകേണ്ടിവരും. വാലറ്റ് ഇഷ്യു ചെയ്യുന്ന കമ്പനികൾക്ക് അധികവരുമാനം കൊണ്ടുവരുന്നതാണ് തീരുമാനം. വാലറ്റിൽ പണം നിറയ്ക്കുന്നതിന് പണം ലഭിക്കുന്നതിനാൽ ബാങ്കുകൾക്കും നേട്ടമാകും.

Related posts

ഡിസംബര്‍ 18ന് ബൂത്ത് തല ഏജന്റുമാരുടെ യോഗം വിളിക്കും

Aswathi Kottiyoor

വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്; വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനനത്തിന്റെ വർദ്ധനവ്: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Aswathi Kottiyoor

ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിങ്‌ ലാബുകൾ തുടങ്ങി ; അതതിടത്ത്‌ ഗുണനിലവാര പരിശോധന

Aswathi Kottiyoor
WordPress Image Lightbox