കണ്ണൂര്‍: മഹാമാരി വിതച്ച ഇടവേളക്കുശേഷം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സജീവമായി.ഓണക്കാലത്ത് കുടുംബങ്ങളുമായി അവധി ആഘോഷിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ് ചട്ടം പാലിച്ച് വിപുലമായ ഓണ്‍ലൈന്‍ ബുക്കിങ് അടക്കമുള്ള സൗകര്യങ്ങളാണ് കേന്ദ്രങ്ങളില്‍ ഡി.ടി.പി.സി ഒരുക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതോടെ പ്രധാന വിനോദ കേന്ദ്രങ്ങളായ പാലക്കയംതട്ട്, വൈതല്‍മല, പാലുകാച്ചിമല, പറശ്ശിനിക്കടവ്, വാഴമല, വയലപ്ര പാര്‍ക്ക്, ചൂടാട്ട് ബീച്ച് എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. ലോക്ഡൗണിെന തുടര്‍ന്ന് വരുമാനം നിലച്ച ടൂറിസം മേഖലക്ക് ഇതോടെ പുത്തനുണര്‍വായി. വേനലവധിക്കാലത്താണ് ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതലായും തിരക്കനുഭവപ്പെടുന്നത്. കോവിഡിെന്റ രണ്ട് വ്യാപന ഘട്ടത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിെന തുടര്‍ന്ന് സഞ്ചാരികളെ അനുവദിച്ചിരുന്നില്ല.
ഇത് ടൂറിസം മേഖലക്ക് വരുമാനക്കുറവും കനത്ത തിരിച്ചടിയുമാണ് സൃഷ്ടിച്ചത്. ഓണം അവധിക്ക് ലഭിക്കുന്ന വരുമാനത്തോടെ ഇതിനെ കുറച്ചെങ്കിലും മറികടക്കാമെന്നാണ് ഡി.ടി.പി.സിയുടെ കണക്കുകൂട്ടല്‍. വരുമാനമസുരിച്ച് പയ്യാമ്ബലത്ത് കൂടുതല്‍ സൗന്ദര്യവത്കരണത്തിനുള്ള നടപടികളും ഡി.ടി.പി.സിയുടെ പരിഗണനയിലുണ്ട്. കൂടുതല്‍ ഇരിപ്പിടമടക്കമുള്ള സൗകര്യം ഏര്‍പ്പെടുത്തും.
കണ്ണൂര്‍, തലശ്ശേരി കോട്ടകളിലും ഓണത്തോടനുബന്ധിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. കോട്ടകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ വകുപ്പും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ല കലക്ടറുമാണ്.
കോവിഡ് ചട്ടം നിര്‍ബന്ധം
ഓണത്തോടനുബന്ധിച്ച് സഞ്ചാരികളുടെ എണ്ണം കൂടുന്നതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കോവിഡ് ചട്ടം നിര്‍ബന്ധമായും പാലിച്ചായിരിക്കും പ്രവര്‍ത്തനം. തിരക്ക് കുറക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ 76 മണിക്കൂറിനുള്ളിലുള്ള ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കോ മാത്രമാണ് കേന്ദ്രങ്ങളില്‍ പ്രവേശനം. സാമൂഹിക അകലം പാലിച്ച് നിശ്ചിത എണ്ണത്തിലുള്ളവരെ മാത്രമേ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കൂ. മാസ്ക് നിര്‍ബന്ധവുമാണ്.