32.8 C
Iritty, IN
February 23, 2024
  • Home
  • Kerala
  • എണ്ണം പെരുകുന്നു; മയിൽ ഒരു ഭീകരജീവിയാകുമോ?….
Kerala

എണ്ണം പെരുകുന്നു; മയിൽ ഒരു ഭീകരജീവിയാകുമോ?….

പറന്നുവന്ന മയില്‍ ദേഹത്തിടിച്ച് തിങ്കളാഴ്‌ച യുവാവ് മരിച്ചത്‌ തൃശൂർ നഗരത്തിലാണ്‌. അയ്യന്തോള്‍ -പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലായിരുന്നു അപകടം. സംസ്ഥാനത്ത്‌ നഗരഗ്രാമ വ്യത്യാസമില്ലാതെ മയിലുകളുടെ സാന്നിധ്യം വർധിക്കുകയാണ്‌. കേരളത്തിൽ 30 വർഷം മുമ്പ് മയിൽ ഒരു അപൂർവ്വജീവി ആയിരുന്നെങ്കിൽ ഇന്ന് മയിലുകൾ ഇല്ലാത്ത ജില്ലകളില്ല. ഈ പ്രതിഭാസം ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി ജഗദീഷ് വില്ലോടി എഴുതുന്നു
മയിൽ ഒരു ഭീകരജീവിയാണ്‌!

സൗന്ദര്യ പ്രേമികളുടെ സർഗാത്മകമായ കാവ്യഭാവനയിൽ പീലി വിടർത്തിയാടുന്ന പഞ്ചപക്ഷികളിൽ ഒന്നായ മയൂരത്തെയാണോ ‘ഭീകരജീവി’ എന്നു വിളിച്ചത്?. മയിൽ ശല്യം കൊണ്ട് പൊറുതിമുട്ടിയ ന്യൂസിലൻഡുകാർ അവയെ നശിപ്പിക്കാനുള്ള ത്രീവശ്രമത്തിലാണ്. പതിനായിരക്കണക്കിന് മയിലുകളെയാണ് ന്യൂസിലാൻഡ് കൊന്നൊടുക്കിയിട്ടുള്ളത്. കൃഷിക്ക് വൻ നാശം വരുത്തുന്ന ഈ വിപത്ത് ‘മയിലുകളുടെ പ്ലേഗ്’ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ സാധാരണക്കാർക്ക് വിനോദത്തിനുവേണ്ടിയും ടൂറിസത്തിനു വേണ്ടിയും മയിലുകളെ വേട്ടയാടാനുള്ള അനുമതിയും ന്യൂസിലാൻഡ് കൊടുത്തിട്ടുണ്ട്.

ന്യൂസിലൻഡ് ഇതിനുമുൻപും വന്യമ്യഗശല്യത്താൽ വലഞ്ഞിട്ടുണ്ട്. 1897-ൽ ബ്രിട്ടീഷുകാർ വേട്ടയാടൽ വിനോദത്തിനായി കൊണ്ടുവന്ന മാനുകളെ ന്യൂസിലൻഡിലെ റാകിയ നദിക്കരയിൽ വിടുകയും അവിടെ നിന്ന് മാനുകൾ വെസ്റ്റ്ലാൻഡിലേക്ക് വരെ വ്യാപിക്കുകയും ചെയ്തു. തുടർന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിയതോടെ 1932നും 1945നും ഇടയിൽ 30 ലക്ഷം മാനുകളെയാണ് ന്യൂസിലൻഡ് കൊന്നൊടുക്കിയത്. മാനുകളെ വെടിവച്ചു കൊല്ലാൻ ഹെലികോപ്റ്ററുകൾ വരെ ഉപയോഗിച്ചിരുന്നു. ഓസ്ട്രേലിയിൽ തോമസ് ഓസ്റ്റിൽ എന്ന കർഷകൻ കൊണ്ടുവന്ന 24 കാട്ടു മുയലുകൾ 60 വർഷംകൊണ്ട് 1000 കോടി കടന്നതോടെ മെക്സോമ എന്ന വൈറസ് ഉപയോഗിച്ചാണ് അവയെ ഉന്മൂലനം ചെയ്തത്.

ഓസ്ട്രേലിയയുടെ ദേശീയ മൃഗമായ കങ്കാരുവിനെ ഗവൺമെൻറ് തന്നെ നേരിട്ട് കൊന്നൊടുക്കുകയാണ് പതിവ്. കഴിഞ്ഞ 20 വർഷത്തിനിടെ 9 കോടി കങ്കാരുക്കളെ ഓസ്ട്രേലിയ ഇല്ലായ്മ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ. പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ടി ഓസ്ട്രേലിയ പതിനായിരക്കണക്കിന് ഒട്ടകങ്ങളെ വെടിവെച്ചുകൊന്നത് കഴിഞ്ഞവർഷമാണ്. യു.എ.ഇ. യിലെ പരിസ്ഥിതി ഏജൻസിയുടെ ബയോ സെക്യൂരിറ്റി യൂണിറ്റിന്റെ കണക്കുകളനുസരിച്ച് ഒരു ലക്ഷം മാടപ്രാവുകളെയും, 5000 മൈനകളെയും, 3500 തത്തകളെയും, 1200 കാക്കകളെയും കൊന്നൊടുക്കിയത് രാജ്യത്തിന്റെ ജൈവവ്യവസ്ഥ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.

ആകാശത്തിലെ ചൊറിത്തവളകൾ (Cane toads of the sky) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ മൈന, ലോകത്തെ ഏറ്റവും ആക്രമണകാരികളായ 100 ഇനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഏവിയൻ മലേറിയ (Plasmodium & Haemoproteus spp.) പടർത്തുകയും, പഴം, പച്ചക്കറി, ധാന്യ വിളകൾ എന്നിവ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇവയെ അക്രമണകാരിയായി കണക്കാക്കുന്നത്. ഓസ്ട്രേലിയയിലെ ബുണ്ടാബെർഗ് റീജിയണൽ കൗൺസിൽ ഒരു മൈനയുടെ തലയ്ക്ക് 2 ഡോളർ പ്രതിഫലം നൽകുന്നുണ്ട്.

മയിൽ നമ്മുടെ ദേശീയ പക്ഷി എന്നതിലുപരി, കേരളത്തിൽ മയിൽ ഒരു അധിനിവേശ ജീവിയാണ്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വകുപ്പു മേധാവിയായ E.A ജ‌യ്‌സണും, ക്രൈസ്റ്റ് കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസർ സുരേഷ് കെ ഗോവിന്ദും ചേർന്ന് 2018-ൽ നടത്തിയ പഠനത്തിൽ മയിലുകൾക്ക് നെൽകൃഷി പോലുള്ള വിളകളിൽ 46% വരെ വിളനാശം ഉണ്ടാക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ 30 വർഷം മുമ്പ് മയിൽ ഒരു അപൂർവ്വജീവി ആയിരുന്നെങ്കിൽ ഇന്ന് മയിലുകൾ ഇല്ലാത്ത ജില്ലകളില്ല. മയിലിന് സംരക്ഷണകേന്ദ്രം വരെയുണ്ട് കേരളത്തിൽ. പാലക്കാട് ജില്ലയിലെ ആലത്തൂരിലെ തരൂരിലാണ് മയിലുകൾക്ക് വേണ്ടി നിർമ്മിച്ച ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം ഉള്ളത്. 1933-ൽ ഇന്ത്യയുടെ ‘പക്ഷി മനുഷ്യ’നായ സലിം അലി തിരുവിതാംകൂർ-കൊച്ചി പ്രവിശ്യകളിൽ നടത്തിയ സർവ്വേയിൽ ഒരു മയിലിനെ പോലും കണ്ടെത്തിയതായി വിവരമില്ല. 2020-ലെ Birdlife മാഗസിൻ ഇന്ത്യൻ പീക്കോക്കിന്റെ അമിത വ്യാപനത്തിൽ ആശങ്ക രേഖപെടുത്തുന്നുണ്ട്.

ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്ന ഇന്ത്യന്‍ മയിലാണ് നീല മയില്‍ അഥവാ Pavo Cristatus എന്നറിയപ്പെടുന്നത്. നമ്മുടെ ദേശീയ പക്ഷിയെന്ന നിലയിൽ, മയിലിന് പ്രത്യേക നിയമ പരിരക്ഷയുണ്ട് .1972 ലെ ഷെഡ്യൂൾ ഓഫ് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ സെക്ഷൻ 51 പ്രകാരം മയിലിനെ കൊല്ലുന്നതിന്, മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവും 20,000 രൂപയിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. വന്യജീവി സംരക്ഷണ നിയമം ചാപ്റ്റർ VA വകുപ്പ് 49 A (B) പ്രകാരം മയിൽ വേട്ട നടത്താതെയുളള മയിൽപീലികളുടെ ശേഖരണവും വിതരണവും കുറ്റകരമല്ല എന്നു കൂടെയുണ്ട്.

തമിഴ്നാട്ടിലെ കാരക്കലിലെ 12,000 ഹെക്ടറിൽ കൃഷിചെയ്തിരുന്ന നെൽക്കർഷകർ, കൃഷി 6000 ഹെക്ടറായി ചുരുക്കിയതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മയിൽ ശല്യമാണ്. മയിലുകൾ വിളയാറായ നെന്മനികൾ തിന്ന് നശിപ്പിക്കുക മാത്രമല്ല ചെയ്യുക. നെല്ലില്ലാത്ത സമയത്തുപോലും, മണ്ണിര, മിത്രകീടങ്ങൾ, ഓന്ത്, തവള, പാമ്പുകൾ, എന്നിങ്ങനെ കർഷകരുടെ മിത്രങ്ങളായ സകലതിനെയും മുച്ചൂടും മുടിക്കും. ഇത് നാടിൻറെ ജൈവവ്യവസ്ഥ തന്നെ താറുമാറാക്കും. മയിലുകൾ കൂട്ടത്തോടെ പാടത്തേയ്ക്കിറങ്ങി, ചവിട്ടിയും മെതിച്ചും നെൽച്ചെടികൽ നശിപ്പിക്കുന്നതുവഴി നെൽപ്പാടം തന്നെ തരിശാക്കി മാറ്റും. പാടത്ത് ഉപയോഗിച്ചിരിക്കുന്ന കളനാശിനികളോ കീടനാശിനികളോ മൂലം മയിലുകൾക്ക് ജീവഹാനിയുണ്ടായാലുള്ള നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം കൂടിയായായപ്പോൾ കാരയ്ക്കലിലെ നെൽക്കൃഷി പകുതിയായി ചുരുങ്ങി.

ബ്രിട്ടീഷുകാരുടെ കാലത്ത് രൂപപെടുത്തിയ, 1972-ൽ പുതുക്കിയ വനം-വന്യജീവി നിയമങ്ങൾ പൊളിച്ചു പണിയാതെ നമ്മുടെ പരിസ്ഥിതിയെയും കർഷകരെയും രക്ഷിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.

Cornell Lab of Ornithology യുടെ Species mapൽ കാണുന്ന പർപ്പിൾ ചതുരങ്ങൾ (ഒരു ചതുരശ്ര കിലോമീറ്റർ വീതമുള്ള ചതുര പ്ലോട്ടുകൾ) ആശങ്ക ഉളവാക്കുന്നതാണ്. മയിൽ കേരളത്തിൽ ഒരു പാരിസ്ഥിതിക ദുരന്തമായി മാറാൻ അധിക സമയം വേണ്ട എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്ത്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് (IUCN) പോലും ഒട്ടും ആശങ്കാജനകമല്ലാത്ത (LC – Least Concern) വിഭാഗത്താലാണ് മയിലുകളെ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇനി യഥാർത്ഥ പ്രശ്നത്തിലേക്ക് വരാം. ന്യൂസിലൻഡിന്റെ പോപ്പുലേഷൻ ഡെൻസിറ്റി ചതുരശ്രകിലോമീറ്ററിന് 18 പേരും, ഓസ്ട്രേലിയുടേത് വെറും നാലു പേരുമാണ്. ഇന്ത്യയുടെ പോപ്പുലേഷൻ ഡെൻസിറ്റി ചതുരശ്ര കിലോമീറ്ററിന് 382 പേർ ആണ്. പക്ഷേ കേരളത്തിലെ പോപ്പുലേഷൻ ഡെൻസിറ്റി ചതുരശ്ര കിലോമീറ്ററിന് 859 പേർ ആണ്. കൂടാതെ കേരളത്തിൽ 54.42% ഫോറസ്റ്റ് കവർ കൂടെയാണ് എന്നോർക്കണം. വയനാട് പോലുള്ള ജില്ലകളിൽ അത് 74 ശതമാനത്തിൽ കൂടുതലാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടെ വേണം വനം-വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതാൻ.

2050 ആകുമ്പോഴേക്കും ഭൂമി ഇന്നത്തെ 7.5 ബില്ല്യണിൽ നിന്ന് 10 ബില്യൺ ജനങ്ങളുടെ വാസസ്ഥലമായിരിക്കും, കാർഷിക വിളവിൽ വൻ വർദ്ധനവ് കൈവരിക്കാനായില്ലെങ്കിൽ, ഒരു ബില്യൺ അല്ലെങ്കിൽ കൂടുതൽ ആളുകൾക്ക് പട്ടിണി നേരിടേണ്ടിവരും. 21-ാം നൂറ്റാണ്ടിലെ ഏറ്റവും അടിയന്തിര പ്രശ്‌നമായിരിക്കാം വിശപ്പ്. ആഗോള വിശപ്പു സൂചികയിൽ 120 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്താണ് നിൽക്കുന്നത്. 113 രാജ്യങ്ങളുടെ ഫുഡ് സെക്യൂരിറ്റി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 73 ആണ്. ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ട് ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക നടപടികൾ അനിവാര്യമാണ്. 46% വരെ വിളനാശം ഉണ്ടാക്കുന്ന മയിൽ ഒരു ഭീകര ജീവിയായി മാറാൻ അധിക സമയം വേണ്ട എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൂടാതെ യു.എ.ഇ. പോലുള്ള രാജ്യങ്ങൾ നടപ്പാക്കിയ ബയോ സെക്യൂരിറ്റി യുണിറ്റ് മാതൃകയിൽ കാലാവസ്ഥ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് നമ്മുടെ ജൈവവൈവിദ്ധ്യം സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാവണം.

Related posts

വിദ്യാർഥികൾക്കു പ്രഭാതഭക്ഷണവും ഇനി സൗജന്യം, പദ്ധതി അടുത്ത അധ്യയന വർഷം മുതൽ……….

Aswathi Kottiyoor

2022ൽ ഇന്ത്യക്കാർ കൂടുതൽ ഉപയോഗിച്ച പാസ്‌വേർഡുകൾ

Aswathi Kottiyoor

സഫലം 2022 ആപ്പിലും ഫലമറിയാം

Aswathi Kottiyoor
WordPress Image Lightbox