കണ്ണൂർ: കോവിഡ് പ്രതിസന്ധിയിലും ഉണർന്ന് ഓണം വിപണി. നഗരത്തിൽ വിവിധ ഭാഗങ്ങളിലായി വഴിയോര കച്ചവടക്കാർ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഗൃഹോപകരണങ്ങൾ, മൊബൈൽഫോൺ, വസ്ത്രവ്യാപാരസ്ഥാപനങ്ങളും മറ്റും വന്പൻ ഓഫറുകളുമായി വിപണിയിൽ സജീവമായി. കോവിഡ് ഇളവിൽ കടകളെല്ലാം തുറന്നുപ്രവർത്തിച്ചതോടെ വൻ തിരക്കാണനുഭവപ്പെടുന്നത്. സാധാരണക്കാർക്ക് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ് എന്നിവയുടെ നേതൃത്വത്തിൽ മേളകളും സജീവമായിട്ടുണ്ട്. കൂടാതെ കൈത്തറി മേളയും ദിനേശ് വിപണന മേളയും മറ്റും പോലീസ് മൈതാനിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ടൗൺ സ്ക്വയറിൽ ജില്ലാ ഭരണകൂടത്തിന്റെ ഷോപ്പിക്കും തുടക്കമായി. കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ നിരവധിയാളുകളാണ് മേളകളിലും മറ്റുമായി എത്തുന്നത്. റോഡുകളിൽ വാഹനത്തിരക്കാണ്. കോവിഡ് ജാഗ്രതയിലും ഓണം അടിച്ചുപൊളിക്കാനുള്ള തീരുമാനത്തിലാണ് ജനങ്ങൾ. രണ്ടുവർഷം പ്രളയവും കോവിഡും തകർത്ത വിപണിയിൽ ആളനക്കമുണ്ടായതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികൾ.
ഉണര്‍ന്നു മേളകള്‍
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഓണത്തോടനുബന്ധിച്ചുള്ള മേളകള്‍ ഉണര്‍ന്നു. കോവിഡ് പ്രതിസന്ധി നേരിടുന്ന വിവിധ മേഖലകളെ കരകയറ്റാന്‍ ജില്ലാഭരണകൂടം നടത്തുന്ന കണ്ണൂര്‍ ഷോപ്പിക്ക് ടൗണ്‍ സ്ക്വയറില്‍ തുടക്കമായി. പട്ടികവര്‍ഗ മേഖലയിലെ കുടുംബശ്രീ ഉത്പന്നങ്ങള്‍, ആറളം ഫാം ഉത്പന്നങ്ങള്‍, ആദിവാസി മേഖലയിലെ തനത് ഉത്പന്നങ്ങള്‍ എന്നിവയാണ് ഇവിടെയൊരുക്കിയത്. വസ്ത്രങ്ങള്‍, വിവിധതരം കറിപ്പൊടികള്‍, അച്ചാറുകള്‍, ചിരട്ട ഉത്പന്നങ്ങൾ, പലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ വില്പനയ്ക്കെത്തിച്ചിട്ടുണ്ട്. ആറളം ഫാം കോര്‍പറേഷന്റെ കീഴില്‍ വിവിധ നടീല്‍വസ്തുക്കള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ഉദ്യാനസസ്യങ്ങള്‍ എന്നിവയുമുണ്ട്. ഇവിടെ നടീല്‍വസ്തുക്കള്‍ വാങ്ങാനാണ് ഏറ്റവും കൂടുതലാളുകളെത്തുന്നത്.
പോലീസ് മൈതാനിയിൽ കൈത്തറി വസ്ത്ര പ്രദര്‍ശന വിപണനമേളയും കേരള ദിനേശിന്റെ ഓണം വിപണനമേളയും ആരംഭിച്ചു. ജില്ലയിലെ വിവിധ കൈത്തറി ഗ്രാമങ്ങളില്‍നിന്നുള്ള നിരവധി സ്റ്റാളുകളുമുണ്ട്. ഖാദിക്ക് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഖാദി ഓണം മേള കണ്ണൂര്‍ സര്‍വകലാശാല താവക്കര ആസ്ഥാനത്ത് തുടങ്ങി.
സപ്ലൈകോ ഓണം ജില്ലാമേള പോലീസ് സഭാഹാളിലാണ് പ്രവര്‍ത്തിക്കുന്നത്. സപ്ലൈകോ ഉത്പന്നങ്ങളും ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറികളും സ്റ്റേഷനറി ഉത്പന്നങ്ങളുമാണ് മേളയിലുള്ളത്. ഒരു കാര്‍ഡിന് അര ലിറ്റര്‍ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള 13 സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ പോലീസ് സഭാഹാളില്‍ ആരംഭിച്ച മേളയില്‍ ലഭിക്കും. കെടിഡിസിയുടെ പായസമേളയ്ക്കും തുടക്കമായിട്ടുണ്ട്.
കുതിച്ചുയർന്ന് പൂ വില
പൂക്കളമില്ലാതെ മലയാളികള്‍ക്ക് ഓണാഘോഷമില്ല. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും ഈ വർഷവും പൂ വിപണി ഉണർന്നിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പൂക്കൾക്ക് ഈ വർഷം വില അല്പം കൂടുതലാണ്. ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതാണ് വില കൂടാനുള്ള കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ബംഗളൂരു, മൈസൂരു, മധുര, കോയമ്പത്തൂര്‍ തുടങ്ങിയിടങ്ങളില്‍നിന്നാണ് പ്രധാനമായും പൂക്കള്‍ കേരളത്തിലേക്കെത്തുന്നത്. പൂ വിപണിയില്‍ നിലവില്‍ ഒരു കിലോ നിരക്കില്‍ ചെണ്ടുമല്ലി (മഞ്ഞ)-160, ചെണ്ടുമല്ലി (ഓറഞ്ച്)-160, അരളിപ്പൂ-250, വെള്ള ജമന്തി-400, പിങ്ക് ചെമന്തി-300, ആസ്റ്റര്‍ പൂ-300, റോസ്-300, ജമന്തി മാല ഒരു മുള-30, വാടാമുല്ല-200 എന്നിങ്ങനെയാണ് വില. 20നാണ് കര്‍ണാടകയിലെ വരലക്ഷ്മി പൂജയുടെ പ്രധാന ദിവസം. അതിനാല്‍ ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത. കോവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞതവണ ഓണാഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതെത്തുടർന്നുള്ള പ്രതിസന്ധികാരണം കര്‍ഷകരില്‍ പലരും പൂക്കൃഷി ഉപേക്ഷിച്ചു. ഇതോടെ മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചതുപോലെയുള്ള പൂക്കൾ ഇത്തവണയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പച്ചറി വിലയിലും വൻ വർധനവാണ് ഉണ്ടായത്. ഓണം അടുത്തതോടെ ഇനിയും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
സജീവമായി മൺപാത്രങ്ങളും
സജീവമായ ഓണവിപണിയിൽ പ്രതീക്ഷയോടെ മൺപാത്ര വില്പനക്കാരും. കഴിഞ്ഞ ഒരുമാസക്കാലമായി സ്റ്റേഡിയം കേർണറിൽ മൺപാത്ര വില്പനക്കാർ കച്ചവടം നടത്തിവരുന്നു. എന്നാൽ കാര്യമായ കച്ചവടമൊന്നും നടക്കുന്നില്ലെന്നാണ് മൺപാത്ര വില്പനക്കാരനായ പി.ചന്ദ്രൻ പറയുന്നത്. 50 മുതൽ അഞ്ഞൂറുവരെയാണ് മൺപാത്രങ്ങളുടെ വില. കറുത്ത ചട്ടികൾക്ക് 70 മുതൽ 250 രൂപവരെയാണ് വില. കറുത്ത ചട്ടികൾക്കാണ് താരതമ്യേന വില കൂടുതൽ. നൂറോളം ചട്ടികളാണ് ഇത്തവണ വിപണിയിലെത്തിയത്. അതിൽ കോൽക്കത്തയിൽനിന്ന് ഇറക്കുമതിചെയ്ത ചായകപ്പുകൾക്കാണ് ആവശ്യക്കാരേറെ. മൺപാത്രങ്ങളെല്ലാം മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതിചെയ്യുന്നതാണെന്നും മൺപാത്ര കച്ചവടക്കാർ പറയുന്നു.
കേരളത്തിൽ കളിമൺ ക്ഷാമം രൂക്ഷമാണ്. അതുകൊണ്ടുതന്നെ മൺപാത്ര നിർമാണം കുലത്തൊഴിലായവർതന്നെ ഈ മേഖല വിട്ടുവെന്നും കേരളത്തിൽ നിർമാണ ചെലവ് കൂടുതലാണെന്നും മൺപാത്രകച്ചവടക്കാരിയായ വി.കെ.കമല പറയുന്നു. വിഷുവിന് താരതമ്യേന കച്ചവടം കൂടുതലായിരുന്നുവെന്നും അവർ പറഞ്ഞു.