കണ്ണൂർ: ജില്ലയില്‍ ഓണം പച്ചക്കറി വിപണനത്തിന് 143 ചന്തകള്‍ ഒരുക്കി കൃഷി വകുപ്പ്. വിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കളക്ടറേറ്റ് വളപ്പിലുള്ള സംഘമൈത്രി വിപണന ശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിക്കും. ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍, വട്ടവട കാന്തല്ലൂര്‍ പച്ചക്കറികള്‍, സംസ്ഥാനത്തിന് പുറത്തു നിന്ന് ഹോര്‍ട്ടി കോര്‍പ്പ് വഴി സംഭരിക്കുന്ന പച്ചക്കറികള്‍ എന്നിവയെല്ലാം വിപണിയില്‍ ലഭിക്കും. ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പൊതുവിപണിയിലെ സംഭരണ വിലയെക്കാള്‍ 10 ശതമാനം അധിക വില നല്കി സംഭരിക്കും. പൊതുവിപണിയിലെ വിലയെക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 20വരെ ചന്ത പ്രവര്‍ത്തിക്കും.