രാജ്യത്തെ സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വനിതകള്‍ക്ക് എല്ലാ മേഖലയിലും തുല്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വികസനത്തിന് 100ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലക്ഷ്യം ആധുനിക രീതിയില്‍ അടിസ്ഥാനവികസനം, ഗ്രാമങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. നഗരങ്ങളെ ബന്ധിപ്പിക്കാന്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിക്കും.ചെറുകിട കര്‍ഷകര്‍ക്ക് കരുതല്‍. സഹകരണപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രണാമം അർപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഭാരതത്തിന് ദിശാബോധം നൽകിയത് ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ താരങ്ങളെ പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗത്തിൽ അഭിനന്ദിച്ചു. ഒളിമ്പിക്സിൽ പങ്കെടുത്ത താരങ്ങളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു. ഒളിമ്പിക്സ് താരങ്ങൾ നമ്മുടെ ഹൃദയങ്ങൾ കീഴടക്കുക മാത്രമല്ല ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പടനയിച്ചവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിഭജനകാലത്തേയും അതിനായി ജീവന്‍വെടിഞ്ഞവരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. എല്ലാ വര്‍ഷവും ഓഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.