കണ്ണൂർ: കണ്ണൂര്‍ കൈത്തറി ഉള്‍പ്പെടെയുള്ള ജില്ലയുടെ തനത് ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനുള്ള ക്രിയാത്മകമായ സഹായങ്ങള്‍ ചെയ്യാന്‍ ഒരുക്കമാണെന്ന് പ്രമുഖ ഫാഷന്‍ ഡിസൈനറും വ്ളോഗറുമായ ലക്ഷ്മി മേനോന്. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിപണനമേള കണ്ണൂര്‍ ഷോപ്പി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അവര്‍. കണ്ണൂരിന്റെ തനത് ഉത്പന്നങ്ങളെ ബ്രാൻഡാക്കി മാറ്റി വിപണനം ചെയ്യാനുള്ള ശ്രമങ്ങളുണ്ടാകണം. പായ്ക്കിംഗിലും ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലും മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും എന്‍ഐഎഫ്ടി അടക്കമുള്ള സ്ഥാപനങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും ലക്ഷ്മി മേനോന് പറഞ്ഞു. പ്രാദേശിക ഉത്പന്നങ്ങളെ പുറം ലോകത്തിന് പരിചയപ്പെടുത്തുന്ന ട്രാവേലി എന്ന യാത്രയുടെ ഭാഗമായാണ് അവര്‍ കണ്ണൂരിലെത്തിയത്.
ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്, അസി.കലക്ടര്‍ മുഹമ്മദ് ഷെഫീഖ് എന്നിവര്‍ക്കൊപ്പമാണ് ലക്ഷ്മി മേനോന് കണ്ണൂര്‍ ഷോപ്പിയിലെത്തിയത്. കണ്ണൂർ ഷോപ്പിയെന്നത് യൂനിക് ബ്രാൻഡാക്കി മാറ്റി ടൂറിസം കേന്ദ്രങ്ങൾ, എയർപോർട്ട് എന്നിവിടങ്ങളിൽ വിപണന ശാലകൾ തുടങ്ങാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ ടി.വി. സുഭാഷ് പറഞ്ഞു.