പരിയാരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ആശുപത്രിയെ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കിയെങ്കിലും ഒരു രോഗിയെപ്പോലും ഇവിടെ പ്രവേശിപ്പിച്ചിട്ടില്ല. 14.45 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ആശുപത്രി പ്രവര്‍ത്തനം തുടങ്ങാതായതോടെയാണ് പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 20 നാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഉദ്ഘാടനം ചെയ്തത്. ആരോഗ്യരക്ഷ, ഗര്‍ഭിണി പരിചരണം, പ്രസവാനന്തര ശുശ്രൂഷകള്‍, ശിശു പരിചരണം എന്നിവയാണ് പ്രധാനമായും ഇവിടെ നടത്തേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗം വന്നതോടെ ആശുപത്രി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റ്റാക്കി മാറ്റുകയായിരുന്നു. ഗൈനക്കോളജി, ക്ലിനിക്കല്‍ പഠനത്തിന് പോലും പോസ്റ്റിംഗ് ലഭിക്കാത്തതോടെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
എംഎല്‍എ, കളക്ടര്‍ തുടങ്ങിയവർക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റ്റാക്കിയെന്ന ഉത്തരവ് വന്നതിനാലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതായതെന്നാണ് അധികൃതരുടെ ഭാഷ്യം.