കണ്ണൂർ: കോവിഡ് ബാധിച്ച അമ്മമാർ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ പാടില്ല എന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കണ്ണൂർ വാരത്ത് സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ അഭിപ്രായപ്പെട്ടു.
മുഖാവരണം ധരിച്ചുകൊണ്ട് അമ്മമാർ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന് ശാസ്ത്രീയമായി ഒരു വിലക്കുമില്ല. മറിച്ച് കുട്ടികളിൽ പ്രതിരോധം വളർത്തിയെടുക്കാൻ മുലപ്പാലിന് സാധിക്കുമെന്നതിനാൽ മുലയൂട്ടൽ തുടരുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലതെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ട്.
മുലപ്പാലിൽ അടങ്ങിയ ഒട്ടേറെ ഘടകങ്ങൾ പ്രതിരോധശക്തി വർധിപ്പിക്കുമെന്നിരിക്കെ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.
മുലയൂട്ടുന്ന അമ്മമാർക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംശയനിവാരണത്തിനുള്ള അവസരവുമുണ്ടായിരുന്നു.
ഡോ. സുൽഫിക്കർ അലി ക്ലാസെടുത്തു. ഐഎപി പ്രസിഡന്റ് ഡോ. പത്മനാഭ ഷേണായി, സെക്രട്ടറി ഡോ. മുഹമ്മദ് ഇർഷാദ്, ഡോ. എം.കെ. നന്ദകുമാർ, ഡോ. പ്രശാന്ത്, ഡോ. ആര്യാദേവി, ഡോ. മൃദുല ശങ്കർ, ഡോ. സജിന സഈദ്, ഡോ. അജിത് മേനോൻ എന്നിവർ നേതൃത്വം നൽകി.