കണ്ണൂർ: ജില്ലയില്‍ നാളെയും മറ്റന്നാളുമായി 50,000 വാക്സിന് ഡോസുകള്‍ വിതരണം ചെയ്യുമെന്ന് കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഇതില്‍ 25,000 ഡോസുകള്‍ വീതം ഒന്നും രണ്ടും ഡോസുകള്‍ ലഭിക്കേണ്ടവര്‍ക്കിടയില്‍ വിതരണം ചെയ്യും.
ഇവയില്‍ 5000 വീതം ഓണ്‍ലൈനായും ബാക്കി സ്പോട്ട് രജിസ്ട്രേഷന് വഴിയുമാണ് നല്‍കുക. ഒന്നാം ഡോസ് ലഭിച്ച് കൂടുതല്‍ ദിവസം കഴിഞ്ഞവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനില്‍ മുന്‍ഗണന നല്‍കും.
ഇതിനായി തദ്ദേശസ്ഥാപനതലത്തില്‍ മുന്‍ഗണനാ പട്ടിക തയാറാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യയും നിലവില്‍ എത്ര ശതമാനം പേര്‍ക്ക് വാക്സിന് ലഭിച്ചുവെന്നതും പരിഗണിച്ചായിരിക്കും ഒന്നാം ഡോസ് വിതരണം.
സ്പോട്ട് രജിസ്ട്രേഷനില്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന വിഭാഗങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കും.
ൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍, ഓട്ടോറിക്ഷാ – ടാക്സി തൊഴിലാളികള്‍, കച്ചവടക്കാര്‍, ബാര്‍ബര്‍മാര്‍, ടെയ്ലര്മാര്, സ്റ്റുഡിയോ ജീവനക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പു തൊഴിലാളികള്‍,മത്സ്യത്തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, നിര്‍മാണ- അനുബന്ധ മേഖലകളിലെ തൊഴിലാളികള്‍, പാചകവാതക വിതരണക്കാര്‍, ഡെലിവറി സേവനങ്ങളിലെ ജീവനക്കാര്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവരെയാണ് മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തുക.
പട്ടികവര്‍ഗ വിഭാഗക്കാര്‍, പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാർഥികള്‍, വിദേശത്ത് പോകേണ്ടവര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കും. മുന്‍ഗണനാടിസ്ഥാനത്തില്‍ ആളുകളെ നിശ്ചയിക്കുമ്പോള്‍ യാതൊരു വിധ വിവേചനവും ഉണ്ടാകുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ വ്യക്തമാക്കി.
സ്പോട്ട് രജിസ്ട്രേഷന് വഴി വാക്സിന് നല്‍കേണ്ടവരുടെ വാര്‍ഡ്തല മുന്‍ഗണനാ പട്ടിക അതാത് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൂട്ടി തയാറാക്കണം.
ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വീട്ടുകാര്‍ക്കൊപ്പം അവരുടെ അയല്‍വീടുകളിലുള്ളവരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കും. രോഗബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തി വ്യാപനം തടയുന്നതിന് വേണ്ടിയാണിത്.
previous post