കണ്ണൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ടെസ്റ്റ് നിർത്തി വച്ചത്. ലേണിംഗ് ടെസ്റ്റ് പാസായവർക്ക് ഡ്രൈവിംഗ് ടെസ്റ്റിന് മുൻഗണന നൽകുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇതു പാലിക്കപ്പെട്ടില്ലെന്ന പരാതി വ്യാപകമാണ്.
കോവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ ഒരു ദിവസം ചുരുങ്ങിയ ആളുകളെ മാത്രമേ ടെസ്റ്റിന് വിളിക്കുന്നുള്ളൂ. പുതുക്കിയ നിബന്ധനകൾ അനുസരിച്ച് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ സൈറ്റിൽ കയറി ഡ്രൈവിംഗ് ടെസ്റ്റിന്റെ സ്ലോട്ടിൽ രജിസ്റ്റർ ചെയ്ത് അതിൽ നിന്നും ലഭിക്കുന്ന തീയതികളിലാണ് ടെസ്റ്റിന് ഹാജരാകേണ്ടത്. നേരത്തെ സർക്കാർ പ്രഖ്യാപിച്ചത് പോലെ ലേണിംഗ് പാസായവർക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂളുകളുടെ സംഘടനകൾ ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതിഷേധിച്ചു എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നും ഇക്കാര്യത്തിൽ തങ്ങൾ നിസഹായരാണെന്നും കണ്ണൂർ ജില്ലാ മോട്ടോർ വാഹന വകുപ്പധികൃതർ അറിയിച്ചു. പ്രതിഷേധ സമരം ഷാജി അക്കരമ്മൽ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ്, അരുൺ എന്നിവർ പ്രസംഗിച്ചു. സർക്കാർ നേരത്തെ പ്രഖ്യാപിച്ചതു പോലെ ലേണിംഗ് ടെസ്റ്റ പാസായവർക്ക് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ഡ്രൈവിംഗ് അസോസിയേഷനുകൾ സംയുക്തമായി മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.