കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ഓട്ടോ-ബസ് തൊഴിലാളികള്‍, കച്ചവട സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങിയവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. എ.ഡി.എം.കെ കെ.ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ സമിതി അവലോകന യോഗത്തിന്റേതാണ് തീരുമാനം. ജില്ലയ്ക്ക് ലഭിക്കുന്ന വാക്‌സിന്റെ തോതനുസരിച്ച് നിശ്ചിത ശതമാനം മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് കുത്തിവെയ്ക്കുന്നതിന് സൗകര്യമൊരുക്കും. തൊഴിലിന്റെ ഭാഗമായി കൂടുതല്‍ പേരുമായി അനുദിനം ഇടപഴകേണ്ടി വരുന്നവരെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക. ജില്ലയ്ക്ക് ലഭിച്ച മുഴുവന്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസും കഴിഞ്ഞ ദിവസത്തെ മെഗാ വാക്‌സിനേഷനില്‍ തീര്‍ന്നതായി ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. 64640 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കുത്തിവെയ്പ് നടത്തിയത്. പുതിയ സ്റ്റോക്ക് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റോക്കുള്ള കോവാക്‌സിന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുത്തവര്‍ക്ക് നല്‍കാന്‍ കഴിയുമോ എന്നതും പരിശോധിക്കും. വാക്‌സിനേഷന് തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ മുന്‍ഗണന പട്ടിക തയ്യാറാക്കി സുതാര്യത ഉറപ്പുവരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ആവശ്യപ്പെട്ടു. ടി.പി.ആര്‍ പ്രകാരമുള്ള കാറ്റഗറി മാറ്റതിനല്ല, കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാതെ നിയന്ത്രിക്കുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്. ഇതിനാവശ്യമായ ആസൂത്രണവും നടപടികളും കൈക്കൊള്ളണമെന്നും അവര്‍ പറഞ്ഞു.